ലോറി ഡ്രൈവറെ കുത്തിയ പ്രതി റിമാൻഡിൽ
1301732
Sunday, June 11, 2023 3:06 AM IST
കാഞ്ഞാർ: ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണനെ (കുഞ്ഞ്-50) ആണ് കാഞ്ഞാർ സിഐ ഇ.കെ.സോൾജിമോന്റെ നേതൃത്വത്തിൽ പിടികൂടിയത്. തൊടുപുഴ സ്വദേശി കോതവഴിക്കൽ പ്രദീപി (ബാബു-55) നാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കുത്തേറ്റത്. പ്രദീപിനെ കുത്തിയ ശേഷം ഒളിവിൽ പോയ കുഞ്ഞിനെ കൂവക്കണ്ടം വനമേഖലയിൽനിന്നാണ് പോലീസ് പിടികൂടിയത്.
കഴുത്തിൽ കത്തി തറച്ചുകയറിയ നിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രദീപിന് അടിയന്തര ശസ്ത്രക്രിയ നടത്തി കത്തി പുറത്തെടുത്തെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അറസ്റ്റ് ചെയ്ത കുഞ്ഞിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റബർത്തടി വില്പനയുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കൂവക്കണ്ടം ശ്രീധർമ ശാസ്താ ക്ഷേത്രവളപ്പിലെ റബർ മരങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മരം വാങ്ങിയ വ്യക്തിയും കുഞ്ഞും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. കുഞ്ഞ് പറഞ്ഞതിനേക്കാൾ കൂടിയ തുകയ്ക്കാണ് ഇപ്പോൾ വാങ്ങിയയാൾ കച്ചവടം ഉറപ്പിച്ചത്. തടി വെട്ടിയതിനു ശേഷം ലോറിയിൽ കയറ്റാനെത്തിയതായിരുന്നു പ്രദീപ്. ലോറിയിൽ കിടന്നുറങ്ങുന്ന സമയത്ത് കുഞ്ഞ് മദ്യലഹരിയിൽ കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പ്രദീപിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.