ദേശീയപാത കൈയേറി വാഹന പാര്‍ക്കിംഗ്
1301372
Friday, June 9, 2023 10:53 PM IST
മൂന്നാര്‍: മൂന്നാറിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അധികൃതർ പാടുപെടുമ്പോള്‍ വാഹനങ്ങള്‍ക്കു മാര്‍ഗതടസം സൃഷ്ടിച്ച് ദേശീയപാതയിൽ അനധികൃത വാഹന പാര്‍ക്കിംഗ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള പാതയിലാണ് വാഹനങ്ങള്‍ ഇരുവശത്തുമായി പാര്‍ക്ക് ചെയ്യുന്നത്.
നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പഞ്ചായത്ത് കഴിഞ്ഞ ദിവസം പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ശ്രമിച്ചതു വിവാദമായിരുന്നു. ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ വീതി കുറഞ്ഞ ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്. പാര്‍ക്കിംഗിനായി പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്താനോ പാർക്കിംഗ് ക്രമീകരിക്കാനോ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല.
മൂന്നാർ ജനറല്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സുകള്‍ക്കു പോലും തടസമാകുന്ന രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍ പോലീസ് റോഡരികില്‍ ചങ്ങലകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയെങ്കിലും പ്രയോജനപ്പെടുന്നില്ല.