കിൻഫ്രാ അപ്പാരൽ പാർക്കിൽ തൊഴിൽതർക്കം
1301368
Friday, June 9, 2023 10:53 PM IST
രാജകുമാരി: കിൻഫ്രാ അപ്പാരൽ പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ തൊഴിൽതർക്കം. കമ്പനിയിലെ ജോലിക്കാരെ അകാരണമായി പിരിച്ചുവിടുന്നതായും വേതനം മാസങ്ങളായി നൽകുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു.
അഞ്ചു മാസത്തിലേറെയായി ശമ്പളം നൽകിയിട്ടില്ലെന്നും ശമ്പളം ചോദിക്കുന്നവരെ അകാരണമായി ജോലിയിൽനിന്നു പിരിച്ചുവിടുകയാണെന്നുമാണ് തൊഴിലാളികളുടെ ആരോപണം. പ്രശ്നം ഏറ്റെടുത്ത് ഐഎൻടിയുസി രംഗത്തെത്തിയതോടെ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. തൊഴിലാളികൾ കമ്പനിക്കു മുന്നിൽ സൂചനാസമരവും നടത്തി.
എന്നാൽ, ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയിട്ടുണ്ടെന്നും കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചവരെ കമ്പനിയുടെ ചട്ടമനുസരിച്ചാണ് മാറ്റിയതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കമ്പനി മാനേജിംഗ് ഡയറക്ടർ ഷൈനി ഏബ്രഹാം പറയുന്നു.