രാജകുമാരി പള്ളിയിൽ ചുവന്ന കൂടാരമായി ജേഡ് വൈൻ
1301364
Friday, June 9, 2023 10:50 PM IST
രാജകുമാരി: ആരും ഒരു നിമിഷം നോക്കിനിന്നുപോകും, രാജകുമാരി ദേവമാതാ പള്ളി മുറ്റത്താണ് ഈ സന്തോഷക്കാഴ്ച. മുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിൽ നിറഞ്ഞുനിൽക്കുന്ന ജേഡ് വൈൻ ചെടികളാണ് വിസ്മയക്കാഴ്ച നിറയ്ക്കുന്നത്.
കരിമ്പച്ച ഇലകൾക്കിടയിൽ കടും ചുവപ്പു നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ ആരുടെയും മനംകവരും. ഫിലിപ്പീൻസ് ജന്മദേശമായ ചെടികൾ ഇപ്പോൾ ഹൈറേഞ്ച് മേഖലയിൽ പൂക്കാലം ഒരുക്കിയിരിക്കുകയാണ്.
ചെടി നട്ട് രണ്ടു വർഷത്തെ പരിപാലനത്തിനു ശേഷമാണ് ഇവയുടെ പൂക്കാലം തുടങ്ങുന്നത്. കഴിഞ്ഞ ആറു വർഷമായി ഇവിടെ ദേവാലയത്തിൽ എത്തുന്ന തീർഥാടകർക്ക് ഈ വസന്തക്കാഴ്ച നവ്യാനുഭവമാണ് പകരുന്നത്.
പർപ്പിൾ, ബ്ലാക്ക്, യെല്ലോ, ഗ്രീൻ എന്നിങ്ങനെ വിവിധ നിറത്തിലുള്ള ജേഡ്വൈൻ പൂക്കൾ ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പ് പുഷ്പങ്ങളാണ്. ഒരു കുലയിൽ നൂറുകണക്കിനു പുഷ്പങ്ങളാണ് സാധാരണയായി വിരിയുന്നത്. ഒരു തണ്ടിൽനിന്നു വളർന്നു പന്തലിച്ച ജേഡ് വൈനിന് ഇരുമ്പ് തൂണുകൾകൊണ്ട് ബലവത്തായ പന്തലും ഒരുക്കിയിട്ടുണ്ട്.
ഇടവക വികാരി മോൺ. ഏബ്രാഹം പുറയാറ്റിന്റെയും ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിലിന്റെയും നേതൃത്വത്തിൽ കൃത്യമായ പരിചരണമാണ് ഇവയ്ക്കു നൽകിവരുന്നത്.
നിറഞ്ഞു നിൽക്കുന്ന ഈ പുഷ്പങ്ങൾ ചില കിളികളുടെ ചുണ്ടിന്റെ ആകൃതിയെ ഒാർമിപ്പിക്കും.
പൂക്കൾ വിരിഞ്ഞതു കാണാൻ നിരവധി പേർ ഇവിടേക്ക് എത്തുന്നുമുണ്ട്.