അൽ അസ്ഹർ ലോ കോളജിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം
1301359
Friday, June 9, 2023 10:50 PM IST
തൊടുപുഴ: പെരുന്പിള്ളിച്ചിറ അൽ അസ്ഹർ ലോ കോളജിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം. കെഎസ്യു പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പുലർച്ചെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചാം വർഷം ബിഎ എൽഎൽബി വിദ്യാർഥികളും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും ഏരിയാ സെക്രട്ടറിയുമായ മുതലക്കോടം അണ്ണായിക്കണ്ണം ചാലിൽ ജോയൽ (24), എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കാസർഗോഡ് പാണത്തൂർ ചാമുണ്ഡിക്കരയിൽ പുലിപ്രംകുന്നേൽ അശ്വന്ത് പത്മൻ (22), രണ്ടാം വർഷ എൽഎൽബി വിദ്യാർഥിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ പെരുന്പിള്ളിച്ചിറ പുതുച്ചിറ കളപ്പുരയ്ക്കൽ തൻവീർ ജബ്ബാർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ വധശ്രമത്തിനുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അടുത്തിടെ കെഎസ്യു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ നിതിൻ ലൂക്കോസ് കോളജ് തുറന്ന ദിവസം നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇടുക്കി എൻജിനീയറിംഗ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ച കേസിൽ പ്രതിയായ നിതിൻ ലൂക്കോസിനെ കോളജിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ നിലപാടെടുത്തതോടെ ഇരുകൂട്ടരും തമ്മിൽ കോളജിൽ ക്ലാസ് തുടങ്ങിയ ദിവസം സംഘർഷം ഉണ്ടായിരുന്നു.
അന്ന് ഏറ്റുമുട്ടിയ ഇരുവിഭാഗം വിദ്യാർഥികളും ഇതേച്ചൊല്ലി വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കെ എസ്യുപ്രവർത്തകർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇന്നലെ പുലർച്ചെ 2.30ഓടെ താമസസ്ഥലത്തുനിന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് സംഘടിച്ചെത്തിയ അന്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധസമരം നടത്തി. ഇതിന്റെ പേരിലും മൂന്നു പേർക്കെതിരേ കേസെടുത്തതായി ഡിവൈഎസ്പി എം.ആർ. മധുബാബു പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഒരു കെ എസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും ഏതാനും പ്രവർത്തകർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്യു ഇന്നലെ കോളജിൽ പഠിപ്പു മുടക്കി സമരം നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.