ഇടുക്കി മെഡിക്കൽ കോളജ് നവീകരണം ഉടൻ പൂർത്തിയാക്കണം: മന്ത്രി റോഷി
1301358
Friday, June 9, 2023 10:50 PM IST
ഇടുക്കി: മെഡിക്കൽ കോളജിൽ നടന്നുവരുന്ന നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. ആശുപത്രി വികസനസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ സജ്ജീകരിക്കണം. ഇതിന്റെ ഭാഗമായി ഒപി വിഭാഗത്തോടനുബന്ധിച്ച് ലാബ് പ്രവർത്തിക്കണം. ഡോക്ടറുടെ നിർദേശാനുസരണം ലാബിൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന രോഗി തിരികെയെത്തുന്പോൾ ഒപി സമയം കഴിയും. ഈ സാഹചര്യം ഒഴിവാക്കണമെന്നും ഇതിനായി അടിയന്തരമായി മുകളിലത്തെ നില എയർ കണ്ടീഷൻ ചെയ്യുന്ന പ്രവൃത്തി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
എം.എം. മണി എംഎൽഎ, ജില്ലാ കളക്ടർ ഷീബാ ജോർജ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.