ജോലിക്കിടെ മരം വീണ് സ്ത്രീത്തൊഴിലാളി മരിച്ചു
1301340
Friday, June 9, 2023 1:56 AM IST
വണ്ടിപ്പെരിയാർ: ഏലത്തോട്ടത്തിൽ ജോലിക്കിടെ മരണംവീണ് സ്ത്രീത്തൊഴിലാളി മരിച്ചു. കെഎഫ്ഡിസിയുടെ ഗവിയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഗവി മീനാർ കോളനി നിവാസി ആനന്ദകുമാരി(40)യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയായിരുന്നു സംഭവം.
വാച്ചർ ഉൾപ്പെടെ 12 പേർ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞുവീണത്. മരം ഒടിയുന്നതു കണ്ട വാച്ചർ തൊഴിലാളികളോട് ഓടിമാറാൻ പറഞ്ഞു. ഓടിമാറുന്നതിനിടെ മരത്തിന്റെ വേരിൽ തട്ടിവീണ ആനന്ദകുമാരിയുടെ ദേഹത്ത് മരച്ചില്ല പതിച്ചു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
തുടർന്ന് ഗവി വനംവകുപ്പിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.