ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ
1301092
Thursday, June 8, 2023 10:55 PM IST
കട്ടപ്പന: സംസ്ഥാന സർക്കാർ റേഷൻവ്യാപരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിച്ചില്ലങ്കിൽ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി താലൂക്ക് കമ്മറ്റി.
റേഷൻകടകളിൽ ആറു മാസമായി പച്ചരി മാത്രമാണ് അമിതമായി സ്റ്റോക്ക് എത്തുന്നത്. പ്രധാനമന്ത്രി അന്ന യോജന സ്കീം അവസാനിച്ചപ്പോൾ സ്റ്റോക്ക് വന്ന പച്ചരി കടയിലുള്ളപ്പോഴാണ് വീണ്ടും പച്ചരി സ്റ്റോക്ക് എത്തുന്നത്. ഈ മാസം എഎവൈ കാർഡ് ഉടമകൾക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നൽകിയിരിക്കുന്നത്. ഒരു കിലോ പോലും കുത്തരി നൽകിയിട്ടില്ല. ഇത് വ്യാപാരികളും കാർഡ് ഉടമകളും തമ്മിലുള്ള തർക്കങ്ങൾക്കു കാരണമാകുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു.
റേഷൻവ്യാപാരികൾക്ക് രണ്ടുമാസമായി കമ്മീഷൻ ലഭിക്കുന്നില്ല. എല്ലാ മാസവും പണം അടച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. ഇതു വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ആട്ട, പഞ്ചസാര എന്നിവയുടെ അമിതമായ സ്റ്റോക്ക് കടകളിൽ എത്തിക്കുന്നു. മഴക്കാലമായതിനാൽ ഇത് കേടുപിടിച്ചു പോകാൻ സാധ്യതയുണ്ട്. അതിനാൽ അമിത സ്റ്റോക്ക് ഇറക്കുന്ന നടപടികൾ അവസാനിപ്പിക്കണം.
ഗുണനിലവാരം കുറഞ്ഞ ഇ- പോസ് മിഷൻ തകരാർ സ്ഥിരം സംഭവമാണ്.
പത്രസമ്മേളനത്തിൽ കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി താലൂക്ക് പ്രസിഡന്റ് സണ്ണി സേവ്യർ, സംസ്ഥാന കമ്മിറ്റി അംഗം ജിജോ മാത്യു, പ്രദീപ് മുകളേൽ എന്നിവർ പങ്കെടുത്തു.