സംസ്ഥാന പാതയിൽ മരം വീണു; മണിക്കൂറുകൾ ഗതാഗതം മുടങ്ങി
1301077
Thursday, June 8, 2023 10:51 PM IST
മുട്ടം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലേക്ക് വൻമരത്തിന്റെ ശിഖരം വീണ് ഗതാഗതം തടസപ്പെട്ടു. മുട്ടം എൻജിനിയറിംഗ് കോളജിനു സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരം വീണത്.
ഇടതടവില്ലാതെ അനേകം വാഹനങ്ങൾ കടന്നു പോകുന്ന പാതയിലാണ് മരം വീണത്. ഈ സമയം വാഹനങ്ങൾ റോഡിലൂടെ കടന്നുവരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും മുട്ടം പോലീസും മണിക്കൂറോളം ശ്രമിച്ചാണ് മരം പൂർണമായും മുറിച്ചു മാറ്റിയത്. മരം റോഡിൽ വീണതിനെത്തുടർന്ന് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. രോഗിയുമായി വന്ന ആംബുലൻസ് ഉൾപ്പടെ ഗതാഗതക്കുരുക്കിൽപ്പെട്ടു.
തൊടുപുഴ-പുളിയന്മല റോഡ് നവീകരണത്തെത്തുടർന്ന് വർഷങ്ങളായി അപകടഭീഷണിയിൽ നിൽക്കുന്ന മരത്തിന്റെ ശിഖരമാണ് വലിയ ശബ്ദത്തോടെ നിലംപൊത്തിയത്.
മരത്തിന്റെ അപകടഭീഷണി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനകൾ പഞ്ചായത്ത്, പൊതുമരാമത്ത്, കളക്ടർ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഉൾപ്പെടെ അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
മലങ്കര എസ്റ്റേറ്റ് കന്പനിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ മരത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്നാണ് വർഷങ്ങളായിട്ടും പ്രശ്നം പരിഹരിക്കാത്തത്.
ഇതേത്തുടർന്ന് പ്രശ്നം ഹൈക്കോടതിയിൽ എത്തിയെങ്കിലും മരത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമായില്ല. മലങ്കര പെരുമറ്റം മുതൽ മുട്ടം കോടതി ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് ഇത്തരത്തിൽ പത്തോളം മരങ്ങളാണ് വലിയ അപകടഭീഷണി ഉയർത്തുന്നത്.
മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായും ഇവ വെട്ടിമാറ്റണമെന്നും കാട്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനും മുട്ടം പഞ്ചായത്തിനും കത്ത് നൽകിയിട്ടുണ്ട്.
അഗ്നിരക്ഷാസേനാ കോന്പൗണ്ടിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരം വെട്ടിമാറ്റാൻ അനുമതി തേടി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
മഴക്കാല പൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി അപകടഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ നിർദേശം എല്ലാ വർഷവും ഉണ്ടാകുന്നതല്ലാതെ ഇതു നടപ്പിലാകുന്നില്ലെന്നാണ് ആക്ഷേപം.