പുണ്യവേലിന്റെ കട 19-ാം തവണയും തകർത്തു
1300863
Wednesday, June 7, 2023 10:57 PM IST
മൂന്നാര്‍: ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന് സ്വദേശിയായ പുണ്യവേലിനെ കാട്ടാന വിടാതെ പിൻതുടരുകയാണ്. കഴിഞ്ഞ ദിവസവും പുണ്യവേലിന്റെ കട കാട്ടാന തകർത്തു. ‘പടയപ്പ’ എന്നു വിളിക്കുന്ന ഒറ്റയാനാണ് കടയുടെ വാതില്‍ പൊളിച്ച് അകത്തുണ്ടായിരുന്നു ഭക്ഷണവസ്തുക്കള്‍ അകത്താക്കിയത്. പുണ്യവേലിന്റെ കട 19 -ാം തവണയാണ് കാട്ടാന തകർക്കുന്നത്.
കാട്ടാനകളുടെ ആക്രമണത്തെ അതിജീവിച്ച് കട നടത്തുന്ന പുണ്യവേൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നല്ലതണ്ണിയിലെ മാലിന്യസംസ്കരണ പ്ലാന്റിനു സമീപത്തുനിന്ന് കാണാതായ പടയപ്പയെ കഴിഞ്ഞ ദിവസമാണ് ചൊക്കനാട് എസ്റ്റേറ്റിനു സമീപത്തുള്ള വനത്തില്‍ കണ്ടെത്തിയത്.
പടയപ്പ കട തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അകത്താക്കിയ സാഹചര്യത്തില്‍ കൊമ്പന് ഈ പതിവു തുടരുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പൊതുവേയുള്ള ശാന്തസ്വഭാവം വെടിഞ്ഞ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങൾ ആക്രമിക്കാന്‍ ശ്രമിക്കുന്ന പടയപ്പ മൂന്നാര്‍ - ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലോടുന്ന വാഹനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തിയിരുന്നു. പടയപ്പ വീണ്ടും ജനവാസ മേഖലകളില്‍ എത്തിയതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്.