ഓട്ടൻതുള്ളൽ രംഗത്ത് സ്ത്രീ ശക്തിയായി സരിത
1300854
Wednesday, June 7, 2023 10:53 PM IST
ചെറുതോണി: ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയായി കരുതിയിരുന്ന കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളൽ രംഗത്ത് സ്ത്രീകളും മോശക്കാരല്ലെന്നു തെളിയിച്ചിരിക്കുകയാണ് മൂലമറ്റം അറക്കുളം സ്വദേശിനി സരിത. പതിനാറാം വയസിൽ അരങ്ങേറ്റം കുറിച്ച യുവതി ഇതിനോടകം ആയിരത്തോളം സ്റ്റേജുകളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചു കഴിഞ്ഞു.
അച്ചൻ കലാനിലയം ദിവാകരനും മുത്തച്ഛൻ ഗോപാലനും അറിയപ്പെടുന്ന ഓട്ടൻതുള്ളൽ കലാകാരന്മാരായിരുന്നു. ചെറുപ്പത്തിൽ അച്ഛനോടൊപ്പം പിന്നണി വായിക്കാൻ പോയായിരുന്നു തുടക്കം. അച്ഛന്റെ ഓട്ടൻതുള്ളൽ കണ്ടപ്പോൾ തനിക്കും തുള്ളൽക്കാരിയാവണമെന്ന മോഹമുദിച്ചു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മൂലമറ്റം അശോക കവലയിലുള്ള ഗുരുമന്ദിരത്തിൽ അരങ്ങേറ്റം കുറിച്ചു. അച്ഛനോടൊപ്പം മേളം കലാകാരനായിരുന്ന മുവാറ്റുപുഴ സൗത്ത് മാറാടി സ്വദേശി തരിശിൽ ബൈജുവിന്റെ ജീവിത സഖിയായതോടെ സരിത ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.
ഭർത്താവിന്റെ പ്രോത്സാഹനം കൂടിയായതോടെ സരിത പിന്നിട്ടത് ആയിരത്തോളം സ്റ്റേജുകളാണ്. കിരാതം, കല്യാണസൗഗന്ധികം, സന്താനഗോപാലം, രുഗ്മണി സ്വയംവരം, കൃഷ്ണാർജുന വിജയം തുടങ്ങി ഏതുകഥ വേണമെങ്കിലും തുള്ളൽ രൂപത്തിൽ വേദിയിലവതരിപ്പിക്കുന്നതിനു സരിതയ്ക്ക് പഠിക്കേണ്ട കാര്യമില്ല. എല്ലാം കാണാപ്പാഠമാണ്. ഉത്സവ സീസണായാൽ ആറു മാസം സരിതയ്ക്കു തിരക്കാണ്.
അടുത്ത ഞായറാഴ്ച തൊടുപുഴ കോലാനിയിലാണ് ഓട്ടൻതുള്ളൽ. കുട്ടികളെ ഓട്ടൻതുള്ളൽ പഠിപ്പിക്കുന്ന നല്ലൊരധ്യാപിക കൂടിയാണ് സരിത. നിരവധി സ്കൂൾ യുവജനോത്സവങ്ങളിൽ സരിതയുടെ ശിഷ്യഗണങ്ങൾ സംസ്ഥാനതലംവരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അശ്വിൻ, അബിൻ, ആരാധ്യ എന്നിവരാണ് മക്കൾ. അശ്വിൻ അമ്മയുടെ കാലടികളെ പിന്തുടർന്ന് ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നുണ്ട്. നാലാം തലമുറയിൽപ്പെട്ട അശ്വിൻ ഒന്നര വർഷം കലാമണ്ഡലത്തിൽ ചേർന്ന് നൃത്തവും പഠിച്ചിട്ടുണ്ട്.