കെഎസ്ആർടിസി ബസിൽ സ്വകാര്യബസ് ഇടിപ്പിച്ചു
1300352
Monday, June 5, 2023 10:55 PM IST
തൊടുപുഴ: കെഎസ്ആർടിസി ബസിനു നേരേ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം. സ്വകാര്യ ബസ് പിന്നോട്ടെടുത്ത് കെഎസ്ആർസിയിൽ ഇടിപ്പിച്ച് യാത്രക്കാരെ ഭീതിയിലാഴ്ത്തി.
ഇന്നലെ വൈകുന്നേരമാണ് കോലാനിയിൽ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമമുണ്ടായത്.
തൊടുപുഴ-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഒടിയൻ എന്ന സ്വകാര്യ ബസാണ് കെഎസ്ആർടിസി ബസിനു വട്ടംനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ വാഹനം കുറച്ചു ദിവസം മുന്പ് കരിങ്കുന്നത്തും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതായും പതിവായി അമിതവേഗത്തിലാണ് ബസ് സഞ്ചരിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.
സംഭവത്തെത്തുടർന്ന് നാട്ടുകാർ കൂടിയെങ്കിലും ഇവർ നോക്കിനിൽക്കെയാണ് വാഹനമെടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ കെ എസ്ആർടിസി ബസിൽ വീണ്ടും ഇടിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് എത്തിയതോടെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് മാറിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
സംഭവത്തേത്തുടർന്ന് സ്വകാര്യബസ് ഉടമയായ സ്ത്രീയും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കെ എസ്ആർടിസി അധികൃതർ പോലീസിൽ പരാതി നൽകി. സ്വകാര്യബസ് ഡ്രൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.