'ഭൂമിക്കൊരു നിധി' പദ്ധതിയുമായി കെസിവൈഎം
1300111
Sunday, June 4, 2023 11:11 PM IST
കരിമ്പൻ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കെസിവൈഎം ഇടുക്കി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന "ഭൂമിക്കൊരു നിധി" പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം മഞ്ഞപ്പെട്ടി ഇടവയിൽ കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാങ്കുളം, ഇടവക വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, രൂപത അനിമേറ്റർ സിസ്റ്റർ ലിന്റ എസ് എബിഎസ് എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രകൃതിക്ക് തണലേകുന്ന പദ്ധതിയിൽ രൂപതയിലെ മറ്റ് ഇടവകകളിലും നടത്തി.
മഞ്ഞപ്പെട്ടിയിൽ നടന്ന പരിപാടിയിൽ കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ അലക്സ് തോമസ്, നീതു ഷാജി, രൂപത വൈസ് പ്രസിഡന്റ് അഞ്ജലി ജോർജ്, ട്രഷറർ ജോയ്സ് ഇമ്മാനുവേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമൽ ജോൺസൺ, ആൽബിൻ ജോസ്, മഞ്ഞപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എന്നിവർ പങ്കെടുത്തു.
മലങ്കര ഹബ്ബിൽ
ഒൗഷധസസ്യങ്ങൾ നടും
മുട്ടം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലങ്കര ടൂറിസം ഹബ്ബിലെ ഒൗഷധ ഉദ്യാനം വിപുലീകരിക്കും. നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം പദ്ധതിയോടനുബന്ധിച്ച് അറുനൂറോളം ഒൗഷധച്ചെടികളാണ് മലങ്കര ടൂറിസം ഹബ്ബിൽ നട്ടു പരിപാലിക്കുന്നത്. മുട്ടം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് മലങ്കര ഹബ്ബിൽ ഉദ്യാന പദ്ധതി നടപ്പിലാക്കുന്നത്.
ഇരുനൂറോളം വൃക്ഷങ്ങളാണ് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഇന്നു നടുന്നതെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നൗഷാദ് അറിയിച്ചു. വാർഡ് മെംബർ സൗമ്യ സാജബിൻ, ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ. ഗായത്രി, എംവിഐപി അസി. എക്സിക്യൂട്ടീവ് എൻജിനിയർ സിജി എന്നിവരുടെ നേതൃത്വത്തിലാണ് ഒൗഷധസസ്യങ്ങൾ നടുന്നത്.
വൃക്ഷത്തൈ വിതരണം
മറയൂർ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മറയൂർ സാൻഡൽ ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്യും. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് വൃക്ഷത്തൈ നൽകുന്നത്.
ചന്ദനം ഉൾപ്പെടെ 700 തൈകളാണ് വനംവകുപ്പ് വിതരണം ചെയ്യുന്നത്. മറയൂർ ഗവ. എൽപി സ്കൂളിൽ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും പള്ളനാട് എൽപി സ്കൂളിൽ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
പൈൻ ഫോറസ്റ്റ് ശുചീകരിച്ചു
കുട്ടിക്കാനം: മരിയൻ കോളജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റ് വിദ്യാർഥികൾ കുട്ടിക്കാനം പൈൻ ഫോറസ്റ്റ് ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവ ശേഖരിച്ച് പഞ്ചായത്ത് ഹരിതകർമ സേനയ്ക്കു കൈമാറി.
അധ്യാപിക യു.എസ്. ശ്യാമ ശുചീകരണം ഉദ്ഘാടനം ചെയ്തു. ലീഡർമാരായ ആൽഫ്രഡ് എ. സ്കറിയ, ഹന്ന എസ്. തോമസ് എന്നിവർ നേതൃത്വം നൽകി.