സാമൂഹ്യ സംരംഭകത്വ വികസനത്തിന് കർമപദ്ധതി
1299519
Friday, June 2, 2023 11:17 PM IST
തൊടുപുഴ: സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ, സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് വഴി ജില്ലയിൽ നടപ്പാക്കുന്ന സാമൂഹ്യ സംരംഭകത്വ വികസന പരിപാടി മൂന്നാംഘട്ടത്തിലേക്ക് കടന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2022 നവംബറിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിൽ വൻതേനീച്ച വളർത്തലിനായി 918 യൂണിറ്റ് തേനീച്ചപ്പെട്ടിയും കോളനിയും ചെറുതേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 112 യൂണിറ്റ് തേനീച്ചപ്പെട്ടിയും കോളനിയും വിതരണം ചെയ്തു. ജില്ലയിലെ 50 പഞ്ചായത്തുകളിൽ 5,129 തയ്യൽ മെഷിനുകളും മുട്ടക്കോഴി വളർത്തൽ പ്രോത്സാഹനത്തിന്റെ ഭാഗമായി 181 യൂണിറ്റ് ഹൈടെക് കോഴിക്കൂടും കൈമാറി.
മുൻകൂട്ടി 50 ശതമാനം ഗുണഭോക്തൃ വിഹിതം അടച്ച അപേക്ഷകർക്ക് ഏഴു മുതൽ ജൂലൈ 15നകം അടുത്ത ഘട്ടം ടൂൾകിറ്റുകൾ വിതരണം ചെയ്യും. 2,681 തയ്യൽ മെഷീനുകൾ, 600 ഹൈടെക് കോഴിക്കൂടുകൾ എന്നിവ വിതരണം ചെയ്യും. തേൻ സംസ്കരണത്തിന് ആവശ്യമായ ഉപകരണങ്ങളും നൽകും. വിവിധ സിഎസ്ആർ ഫണ്ടുകൾ, ക്രൗഡ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പത്രസമ്മേളനത്തിൽ കോണ്‍ഫെഡറേഷൻ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി സുമ അനിൽകുമാർ, റീജണൽ പ്രോജക്ട് കോ-ഓർഡിനേറ്റർ സതി ശിശുപാലൻ, അശ്വിൻ അജികുമാർ എന്നിവർ പങ്കെടുത്തു.