പർവതമാല: ജില്ലയിൽ രണ്ടു പദ്ധതികൾക്ക് സാധ്യതാ പഠനം
1299516
Friday, June 2, 2023 11:17 PM IST
തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിലും വട്ടവട-കുണ്ടള മേഖലയിലും റോപ്പ് വേ-പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാ പഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എംപി.
ഇടുക്കിയിൽ ട്രാക്ക്റ്റ്ബെൽ കണ്‍സൾട്ടൻസിയും മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയുമാണ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പഠനം നടത്തിയത്. ജില്ലയിൽ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപി ദേശിയപാത മന്ത്രാലയത്തിന് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു.
കേരളത്തിന് ആകെ അനുവദിച്ച നാലു പദ്ധതികളിൽ രണ്ടെണ്ണം ജില്ലയിലാണ് നടപ്പാക്കുന്നത്. മലയോരപാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ഡാമിനു മുകളിൽ നിർമിക്കുന്ന റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ഗണ്യമായി ഉയർത്തുന്നതിനും പ്രാദേശിക ഗതാഗതം സുഗമമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
എത്രയും വേഗം പഠനം പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംപി അറിയിച്ചു.