പുകയില ഉത്പന്ന വിൽപന തടയാൻ കുട്ടിപ്പോലീസും
1299471
Friday, June 2, 2023 10:54 PM IST
തൊടുപുഴ: പുകയില ഉത്പന്നങ്ങൾ കണ്ടെത്താൻ പോലീസിനൊപ്പം കുട്ടിപ്പോലീസും. പ്രവേശനോത്സവത്തിനു പിന്നാലെ സ്കൂൾ കോന്പൗണ്ടിന്റെ 100 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിറ്റ നാലു കടയുടമകൾക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.
കടകളിൽ പരിശോധന നടത്താൻ പോലീസിനൊപ്പം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും രംഗത്തിറങ്ങി. ഇന്നലെ രാവിലെ മുതൽ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു, ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ. സ്ക്വാഡ് അംഗങ്ങളായ ഷംസുദീൻ, ഹരീഷ്, പി.എസ്. സുമേഷ് സനൂപ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡേറ്റുകൾ തൊടുപുഴ ടൗണിലെ വിവിധ സ്കൂളുകളുടെ 100 മീറ്റർ പരിധിയിലുള്ള 23ഓളം കടകളിൽ പരിശോധന നടത്തി. തുടർന്ന് 25,000 രൂപയുടെ പുകയില ഉത്പന്നങ്ങൾ നാലു കടകളിൽനിന്നു പിടിച്ചെടുത്തു.
പ്രവേശനോത്സവ ദിവസമായ വ്യാഴാഴ്ച തങ്ങളുടെ സ്കൂളുകളുടെ 100 മീറ്റർ പരിധിയിലുള്ള കടകളിൽ ചെന്ന് പുകയില ഉത്പന്നങ്ങൾ വിൽക്കരുതെന്ന് എസ്പിസി കേഡറ്റുകൾ കടയുടമകളോട് അഭ്യർഥിച്ചിരുന്നു. ഇതവഗണിച്ച് വിൽപന നടത്തിയപ്പോഴാണ് കടകളിൽ എസ്പിസി കേഡറ്റുകളെകൂടി പങ്കെടുപ്പിച്ച് പോലീസ് പരിശോധന നടത്തിയത്. കേരളത്തിൽതന്നെ ആദ്യമാണ് എസ്പിസി കേഡറ്റുകൾ ലഹരി ഉത്പന്നങ്ങൾ പിടികൂടാൻ രംഗത്തിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിന്റെ 50 മീറ്റർ ദൂരെ കട നടത്തുന്ന വെങ്ങല്ലൂർ പീടികപ്പറന്പിൽ ഷാജി (51), തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു മുൻവശത്ത് കട നടത്തുന്ന ഇടവെട്ടി പായിപ്പറന്പിൽ അനൂപ്ഖാൻ (44), മണക്കാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കോന്പൗണ്ടിൽനിന്നു 20 മീറ്റർ മാറി കട നടത്തുന്ന മണക്കാട് പാവൂർ രാധാകൃഷ്ണൻ (64), അൽ അസ്ഹർ പബ്ലിക് സ്കൂളിന്റെ 25 മീറ്റർ ദൂരെ കട നടത്തുന്ന പെരുന്പിള്ളിച്ചിറ ചൂരവേലിൽ അലിയാർ (74) എന്നിവരെയാണ് പുകയില ഉത്പന്നങ്ങൾ സഹിതം അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കരിങ്കുന്നത്തും പുറപ്പുഴയിലും നടത്തിയ പരിശോധനയിലും എസ്പിസി കേഡറ്റുകൾ പങ്കെടുത്തു.