ഇടുക്കിയിൽ മെഡിക്കൽ കോളജുണ്ട്, പക്ഷേ...
1299467
Friday, June 2, 2023 10:54 PM IST
കട്ടപ്പന: കഴിഞ്ഞ ദിവസം ബോധരഹിതയായി വീണ പതിനേഴുകാരിയെ രണ്ടര മണിക്കൂർകൊണ്ട് കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞതിൽ, മന്ത്രിയടക്കം പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോൾ മറ്റൊരു ചർച്ചയും ചൂടുപിടിക്കുന്നു. ഇടുക്കിയിലെ ആരോഗ്യമേഖല നേരിടുന്ന അവഗണനകളാണ് വീണ്ടും ചർച്ചയാകുന്നത്. ഹൃദയഘാതത്തെത്തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ആൻമരിയ എന്ന പെൺകുട്ടിയെ കട്ടപ്പനയിൽനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആംബുലൻസിൽ എത്തിക്കാനായത് ആശ്വാസമായെങ്കിലും എന്തുകൊണ്ടിങ്ങനെ ജീവനു വേണ്ടി പായേണ്ടി വരുന്നെന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലയിൽ ഒരു മെഡിക്കൽ കോളജ് ഉണ്ടെന്ന് അഭിമാനത്തോടെ ഭരണകൂടം അടക്കം മേനി പറയുന്പോഴാണ് ഈ പരക്കംപാച്ചിൽ.
നൂറു കിലോമീറ്റർ
സ്ട്രോക്ക്, ഹൃദയാഘാതം, അപകടങ്ങൾ എന്നിങ്ങനെ അടിയന്തര ചികിത്സ ആവശ്യമുള്ള ഏതു ഘട്ടം വന്നാലും ഇതുപോലെ ആംബുലൻസുകളിൽ കോട്ടയം, കൊച്ചി അടക്കമുള്ള ജില്ലകളിലേക്ക് 100 കിലോമീറ്ററിലേറെ ആംബുലൻസിൽ പായേണ്ട സ്ഥിതിയിലാണ് ഇടുക്കിയിലെ ജനങ്ങൾ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തക്ക ആശുപത്രികൾ ഹൈറേഞ്ചിൽ കുറവാണെന്നതാണ് കാരണം. സർക്കാർ മേഖലയിൽ ഇല്ലെന്നു തന്നെ പറയാം. കാൻസർ ചികിത്സ, ഡയാലിസിസ് ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായി ജില്ല വിട്ടു ചികിത്സയ്ക്കായി ദിവസേന പോകുന്നതും നിരവധി പേരാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ നോക്കാനുള്ള ന്യൂറോ സർജറി വിഭാഗവും ഇല്ല.
സാധാരണക്കാരുടെ ദുരിതം
ആദിവാസികളും സാധാരണക്കാരും കർഷകരും തൊഴിലാളികളുമടക്കമുള്ളവർ ഇല്ലാത്ത കാശ് ഉണ്ടാക്കിയാണ് ജില്ലയ്ക്കു പുറത്തേക്കു പലപ്പോഴും ചികിത്സ തേടി പോകേണ്ടിവരുന്നത്. കോട്ടയം, എറണാകുളം ജില്ലകളിലേക്കോ അല്ലെങ്കിൽ തമിഴ്നാട്ടിലെ തേനിയിലേക്കോ ആണ് ഇവർ ചികിത്സ തേടി പോകുന്നത്. ഇടുക്കിയിൽ സർക്കാർ മെഡിക്കൽ കോളജ് ഉണ്ടെങ്കിലും മെഡിക്കൽ കോളജിന് ആശുപത്രി സൗകര്യമില്ല. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ അഭാവവും പ്രതിസന്ധിയാണ്. പ്രാണൻ കൈയിൽ പിടിച്ചു മലയിറങ്ങുന്ന ഓരോ ആംബുലൻസും ഇടുക്കിക്കാരുടെ ചികിത്സാരംഗത്തെ പരിമിതികളുടെ പ്രതീകങ്ങളാണ്. അടിമാലിയിൽ ശസ്ത്രക്രിയയെത്തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചതും ഇടുക്കിയുടെ തോരാത്ത കണ്ണീരിന്റെ തുടർച്ചയാണ്.