മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൃഷിക്ക് തമിഴ്നാട് വെള്ളമെടുത്തുതുടങ്ങി
1299272
Thursday, June 1, 2023 10:44 PM IST
കട്ടപ്പന: മുല്ലപ്പെരിയാര് അണക്കെട്ടില്നിന്നു തമിഴ്നാട് തേനി ജില്ലയിലെ നെല്പാടങ്ങളിലേക്ക് ഒന്നാംകൃഷിക്കായി വെള്ളമെടുത്തു തുടങ്ങി. തുടര്ച്ചയായി മൂന്നാം വര്ഷവും ജൂണ് ഒന്നിനു തന്നെ അണക്കെട്ടില്നിന്നു വെള്ളം കൊണ്ടുപോകാന് കഴിയുന്നത് തമിഴ്നാട് കാര്ഷികമേഖലയ്ക്ക് ഗുണം ചെയ്യും.
അണക്കെട്ടില്നിന്ന് കാര്ഷിക ആവശ്യത്തിനായി സെക്കൻഡില് 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 200 ഘനയടി വെള്ളം കൃഷിക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.
തേക്കടിയില് നടന്ന പ്രത്യേക പൂജകള്ക്കു ശേഷം തമിഴ്നാട് സഹകരണമന്ത്രി ഐ. പെരിയസാമിയാണ് ഷട്ടര് തുറന്നത്. ജലനിരപ്പ് 152 അടിയായി ഉയര്ത്തുന്നതിനുള്ള നടപടികളുമായി മുമ്പോട്ടു പോകും. ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിനൊപ്പം പുതിയ അണക്കെട്ട് നിര്മാണം രണ്ടു സംസ്ഥാനങ്ങള് കൂടുതല് ചര്ച്ച ചെയ്ത് നടപടികള് സ്വീകരിക്കണം. അതിന് ഇനിയും കാലതാമസമുണ്ടാകുമെന്ന് പെരിയസാമി പറഞ്ഞു.
കാലവര്ഷം ആരംഭിക്കാനിരിക്കെ അണക്കെട്ടില് 118.45 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്ഷം ഇതേ സമയം 132.35 അടിയായിരുന്നു.
മുല്ലപ്പെരിയാര് അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷി ചെയ്യുന്നത്.
ഷട്ടര് തുറക്കുന്നതിനോടനുബന്ധിച്ച് തേനി ജില്ലയില് കര്ഷകരുടെ നേതൃത്വത്തില് വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
142 അടിയാണ് മുല്ലപ്പെരിയാര് അണക്കെട്ടിലെ ഇപ്പോഴത്തെ അനുവദനീയ സംഭരണശേഷി.