വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
1299271
Thursday, June 1, 2023 10:44 PM IST
ഉപ്പുതറ: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെതിരേ കള്ളക്കേസെടുത്ത കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കാട്ടിറച്ചി വില്പന നടത്തിയെന്നാരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ അറസ്റ്റ് ചെയ്ത കേസിലാണ് ഒൻപത് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.എസ്. ശശികുമാർ തള്ളിയത്.
ഉപ്പുതറ പോലീസ് ചാർജ് ചെയ്ത കേസിലാണ് ഒന്നാം പ്രതി കഴുകാനം മുൻ ഫോറസ്റ്റർ വി. അനിൽകുമാർ ഉൾപ്പടെ ഒൻപത് ഉദ്യോഗസ്ഥർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യഹർജിയെ സർക്കാർ അഭിഭാഷകൻ അഡ്വ. പി.എസ്. രാജേഷ് കോടതിയിൽ എതിർത്തതോടെയാണ് കോടതി ഹർജി തള്ളിയത്. കേസിൽ 13 പ്രതികളാണുളളത് . ഇതിൽ ഒരാൾ മരിച്ചു. രണ്ടു പേർ നേരത്തെ കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇവർ പിന്നീട് ജോലിയിൽ തിരികെ പ്രവേശിച്ചു. കേസിൽ പ്രതിയായ വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. സസ്പൻഷൻ പിൻവലിച്ച് സർക്കാർ ഇദ്ദേഹത്തെ സർവീസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു പ്രതികളുടെയും സസ്പൻഷൻ പിൻവലിച്ച് നിയമനം നൽകി ഉത്തരവായെങ്കിലും ആരും ജോലിയിൽ പ്രവേശിച്ചിട്ടില്ല.
2022 സെപ്റ്റംബർ 20-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.