ശസ്ത്രക്രിയയെത്തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു
1299267
Thursday, June 1, 2023 10:44 PM IST
അടിമാലി: ശസ്ത്രക്രിയയെത്തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളിൽ ജിഷ ബെന്നി (33)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അടിമാലി താലൂക്ക് ആശുപത്രയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. വൈകുന്നേരത്തോടെ രക്തസ്രാവം ശക്തമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു.
ഐസിയു ആംബുലൻസിൽ അടിമാലിയിൽനിന്നു രാജഗിരിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില വഷളായി. തുടർന്ന് ഇവിടെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
രാവിലെ സിസേറിയൻ കഴിഞ്ഞപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ആവശ്യമായ മരുന്നുകൾ നൽകിയെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതിനാൽ റഫർ ചെയ്യുകയായിരുന്നെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സത്യബാബു പറഞ്ഞു.
രക്തസ്രാവം കണ്ടതുമുതൽ ഇത് നിയന്ത്രിക്കുന്നതിന് മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചു. രക്തം കട്ടപിടിക്കുന്നതിനുള്ള അണുക്കൾ കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി.
ഇതിനു സാധാരണ രക്തം നൽകിയാൽ പെട്ടെന്ന് ഫലം ലഭിക്കില്ല. ഘടകങ്ങൾ വേർതിരിച്ച രക്തം നൽകുകയാണ് പോംവഴി. ഇതിന് ഈ ആശുപത്രിയിൽ സംവിധാനമില്ല. അതുകൊണ്ട് വിദഗ്ധ ചികിത്സ ലഭ്യാമാക്കാൻ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയല്ലാതെ മറ്റു ഴികൾ ഇല്ലായിരുന്നെന്ന് താലൂക്കാശുപത്രിയലെ ഡോക്ടർ വിശദമാക്കി. സംസ്കാരം ഇന്ന് പത്തിന് അടിമാലി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.