ത്രിവേണിസംഗമത്തിലെ കുത്തൊഴുക്കിൽ മുങ്ങിത്താണ മൂന്നു വിദ്യാർഥികളെ രക്ഷിച്ചത് സാഹസികമായി
1298711
Wednesday, May 31, 2023 3:48 AM IST
മൂലമറ്റം: രണ്ടുപേരുടെ ജീവൻ പൊലിഞ്ഞ ത്രിവേണി സംഗമത്തിനു സമീപം ആദ്യം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയത് എകെജി കോളനിയിലെ പൂവത്തിനാൽ ഷാജി ജോസഫും പവ്വത്ത് അനൂപ് ആന്റണിയും ചേർന്ന്. എകെജി കോളനിയിൽ സന്തോഷ് ഭവനിൽ അഭിഷേക് (ഒൻപത്), സജി ഭവനിൽ സച്ചിൻ (11), സഞ്ചു (15) എന്നിവരെയാണ് ഇവർ ഇരുവരും ചേർന്ന് ആഴക്കയത്തിൽനിന്നു രക്ഷപ്പെടുത്തിയത്. മരിച്ച സന്തോഷിന്റെ മകനാണ് അഭിഷേക്.
അപകടത്തിൽ മരിച്ച എറണാകുളം ഐടി മാർക്കറ്റിംഗ് ജീവനക്കാരനായ കെ.എസ്.ബിജുവിന്റെ മക്കളാണ് സച്ചിനും സഞ്ചുവും. പവർഹൗസിൽനിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന കനാലിലെ വെള്ളവും വലിയാറും നാച്ചാറുംകൂടി ചേരുന്ന ത്രിവേണി സംഗമത്തിനു സമീപമാണ് കുട്ടികൾ ഇന്നലെ രാവിലെ 11.30ഓടെ കുളിക്കാനിറങ്ങിയത്. ഇവർ പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട് മക്കളെ രക്ഷിക്കാൻ സന്തോഷും ബിജുവും പുഴയിലേക്ക് എടുത്തുചാടി. കുട്ടികളുടെ നിലവിളി കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ ഷാജിയും അനൂപും ചേർന്ന് ഇവരെ കരയ്ക്കു കയറ്റി.
അപകടക്കെണിയായി ചുഴി
മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ പുഴയിലേക്കു ചാടിയ സന്തോഷും ബിജുവും ചുഴിയിൽപ്പെടുകയായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് സന്തോഷും ബിജുവും പുഴയിൽ അകപ്പെട്ട കാര്യം പറയുന്നത്. ഇതോടെ മുങ്ങിത്താഴ്ന്ന ഇരുവരെയും ഷാജിയും അനൂപും വെള്ളത്തിൽനിന്ന് പൊക്കിയെടുത്തു. അയൽവാസിയായ റിട്ട. എസ്ഐ ജോയി പുതുപ്പറന്പിലും ജോസ് ഇടക്കരയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ഇവർ കയറിട്ടു കൊടുത്താണ് സന്തോഷിനെയും ബിജുവിനെയും കരയിലേക്കു വലിച്ചുകയറ്റിയത്. കരയിലെത്തിയ ഉടൻ സിപിആർ നൽകിയ ശേഷം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
മുന്നറിയിപ്പു ബോർഡില്ല
കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ഗൃഹനാഥന്മാരുടെ ജീവൻ പൊലിയുകയും മൂന്നു വിദ്യാർഥികൾ അപകടത്തിൽപ്പെടുകയും ചെയ്ത ത്രിവേണി സംഗമത്തിൽ പ്രതിദിനം ജില്ലയിൽനിന്നും പുറത്തുനിന്നുമായി നിരവധിപ്പേരാണ് ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നത്. പ്രദേശവാസികളായ ഒട്ടേറെ പ്പേർ കുളിക്കാനും തുണി കഴുകാനുമെല്ലാം ആശ്രയിക്കുന്നത് ത്രിവേണി സംഗമത്തിന് അന്പതു മീറ്റർ താഴെയുള്ള കുളിക്കടവിലാണ്.
ത്രിവേണി സംഗമത്തിനു സമീപം വലിയ ചുഴിയാണുള്ളത്. അഞ്ചു ജനറേറ്ററുകളാണ് സമീപ ദിവസങ്ങളിൽ പകൽ സമയത്ത് പ്രവർത്തിച്ചിരുന്നത്. വൈകുന്നേരം പീക്ക് ലോഡ് സമയത്ത് കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുകയാണ് പതിവ്. നാലോ അഞ്ചോ ജനറേറ്ററുകൾ പ്രവർത്തിക്കുന്പോൾ പുഴയിൽ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഈ സമയം ത്രിവേണി സംഗമത്തിന്റെ മുകൾ ഭാഗത്ത് കുളിക്കാനിറങ്ങുന്നത് ഏറെ അപകടകരമാണ്. ഇവിടെ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാത്തതാണ് ആളുകൾ ഇവിടെ കുളിക്കാനിറങ്ങുന്നതിന് കാരണം. എന്നാൽ സ്ഥലപരിചയമുള്ളവർ സംഗമത്തിനു താഴെ പ്രത്യേകം തീർത്തിട്ടുള്ള കുളിക്കടവുകളിലാണ് കുളിക്കുന്നത്.