ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ് ; പ്രതി ബിജേഷിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി
1281603
Monday, March 27, 2023 11:44 PM IST
കട്ടപ്പന: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിനെ (29) വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഭാര്യ അനുമോളെ (വത്സമ്മ- 27) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
തിങ്കളാഴ്ച രാവിലെ ഒന്പതോടെയാണു ബിജേഷിനെ പേഴുംകണ്ടത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വലിയ പോലീസ് സുരക്ഷയിലാണ് പ്രതിയെ വീട്ടിൽ എത്തിച്ചത്. വീടിനുള്ളിൽ കൃത്യം നടത്തിയ രീതി പ്രതി പോലീസിനു കാണിച്ചുകൊടുത്തു. വീടിനുള്ളിലെ ഹാളിൽ കസേരയിലിരിക്കുകയായിരുന്ന അനുമോളെ ബിജേഷ് പിന്നിൽനിന്നു ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച ഷാൾ പ്രതി നശിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ അനുമോളുടെ കൈഞരന്പ് പ്രതി ബ്ലേഡ് ഉപയോഗിച്ച് മുറിപ്പെടുത്തി. ഇതിനുശേഷം ബിജേഷ് ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പിന്മാറി.
പ്രതിയെ എത്തിച്ചതറിഞ്ഞു നിരവധി ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട അനുമോളുടെ കൈയിൽ ഉണ്ടായിരുന്ന മോതിരവും ചെയിനും പണയപ്പെടുത്തിയാണു പ്രതി തമിഴ്നാട്ടിലേക്ക് പോയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.
പ്രതി മോതിരവും ചെയിനും പണയപ്പെടുത്തിയ ലബ്ബക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും പോലീസ് പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. തൊണ്ടിമുതലായ മോതിരവും ചെയിനും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറു ദിവസത്തേക്കു തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.
പീരുമേട് പാന്പനാർ പാന്പാക്കട പി.വി. ജോണിന്റെയും ഫിലോമിനയുടെയും മകളാണ് കൊല്ലപ്പെട്ട അനുമോൾ. സഹോദരൻ: അലക്സ്.
രണ്ടുവർഷം മുന്പ് ബിജേഷും ഭാര്യയും മകളുമായി കുടുംബവീട്ടിൽനിന്നു മാറിയായിരുന്നു താമസം.
പ്രതി തിരികെ എത്തിയത്
പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ
കട്ടപ്പന: ബിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിനിടെ. കൊലപാതകം നടത്തി മൂന്നു ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃതദേഹം കണ്ടെത്താതെവന്നതോടെ സംഭവം പുറത്തു വരില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ. അനുമോൾ നാടുവിട്ടെന്ന വാദം ബന്ധുക്കളും പോലീസും വിശ്വസിക്കുമെന്നും ഇയാൾ കരുതി.
മൃതദേഹത്തിൽനിന്നു ദുർഗന്ധം പുറത്തു വരാതിരിക്കാൻ മുറിയിൽ സാന്പ്രാണിത്തിരി കത്തിച്ചുവച്ച് ഫാൻ ഇട്ടിരുന്നു. താൻ കുറച്ചുദിവസം മാറിനിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ചൊവ്വാഴ്ച തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ചവരെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു.
കൈയിൽ മൊബൈൽ ഫോണ് ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയ വിവരമോ പോലീസ് അന്വേഷിക്കുന്ന വിവരമോ ഇയാൾ അറിഞ്ഞിരുന്നില്ല.
കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ ധരിച്ചിരുന്നത്. തിരികെയെത്തി അസ്ഥി ഉപേക്ഷിക്കുന്നതോടെ സ്വതന്ത്രനാകുമെന്നും ഇയാൾ കരുതി. ഇതിനായാണ് ഞായറാഴ്ച പുലർച്ചെ നാട്ടിലേക്കു തിരിച്ചതെന്നു പോലീസ് ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞു.