എന്റെ കേരളം പ്രദർശന വിപണനമേള ഇടുക്കിയിൽ
1281602
Monday, March 27, 2023 11:44 PM IST
ഇടുക്കി: എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ 28 മുതൽ മേയ് നാലു വരെ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കും. ഇതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്നു.
വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ പ്രധാന മേഖലകൾ തിരിച്ചു സെമിനാറുകൾ, കോളജ് വിദ്യാർഥികൾക്കായി ക്ലാസുകൾ എന്നിവയും നടക്കും. എല്ലാ ദിവസവും പ്രഫഷണൽ കലാ പരിപാടികളും അരങ്ങേറും. ചെറുതോണിയിൽനിന്ന് തുടങ്ങുന്ന സാംസ്കാരിക ഘോഷയാത്രയോടെയാകും പരിപാടിക്കു തുടക്കമാകുക.
യോഗത്തിൽ എം.എം. മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർമാരായ ഡോ. അരുണ്‍ എസ്. നായർ, രാഹുൽ കൃഷ്ണശർമ, പിആർഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.