നാടകീയ രംഗങ്ങൾക്കൊടുവിൽ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
1280826
Saturday, March 25, 2023 10:30 PM IST
അടിമാലി: അടിമാലിയിൽ യുഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിനു തൊട്ടു മുന്‍പ് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി രാജിവച്ചു.
ഇന്നലെ രാവിലെ 10.30നാണു അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചിരുന്നത്. 10.15നു ബിഡിഒ പ്രവീണ്‍ വാസുവിനു സനിത രാജി നൽകി.
21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫ് പ്രതിനിധിയായ പ്രസിഡന്റിന് ഉണ്ടായിരുന്നത്. എന്നാൽ, സിപിഐ അംഗം സൗമ്യ അനിൽ അവിശ്വാസത്തെ അനുകൂലിക്കാൻ തീരുമാനിച്ചതും സിഡിഎസ് അംഗത്തെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പാരാതി നിലനിൽക്കുന്നതിനാൽ മുസ്ലീം ലീഗ് അംഗം അനസ് ഇബ്രാഹിം യോഗത്തിൽ പങ്കെടുത്തേക്കില്ലെന്ന ധാരണയ്ക്കു വിപരീതമായി അനസ് യോഗത്തിനെത്തുകയും ചെയ്തതോടെ അവിശ്വാസം പാസാകുമെന്ന ഘട്ടത്തിലാണ് സനിതയുടെ രാജി.
സിപിഐ പ്രതിനിധിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സനിത കഴിഞ്ഞ ജൂലൈ ആറിന് പാർട്ടിയിൽനിന്നു രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നു. ഈ സമയം സിപിഎം പ്രതിനിധിയായിരുന്ന പഞ്ചയാത്ത് പ്രസിഡന്റിനെ സനിതയുടെ സഹായത്തോടെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി.
തുടർന്ന് ഓഗസ്റ്റ് ആറിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി സനിത പ്രസിഡന്റ് പദവിയിലെത്തി. കഴിഞ്ഞ 14നു ഇവർ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു എൽഡിഎഫ് പാളയത്തിൽ എത്തി പ്രസിഡന്റായി തുടരുകയായിരുന്നു. ഇതിനിടെയാണ് യുഡിഎഫ് രണ്ടാഴ്ച മുൻപ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
പ്രസിഡന്റ് രാജിവച്ചതോടെ യുഡിഎഫ് പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സിയാദിനു പ്രസിഡന്റിന്റെ ചുമതല നൽകി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വിവരങ്ങൾ കൈമാറുമെന്നും ബിഡിഒ പ്രവീണ്‍ വാസു അറിയിച്ചു.