കോട്ട റോഡ്: സർക്കാർ ഭൂമി വിലകൊടുത്ത് ഏറ്റെടുക്കണോ ?
1280533
Friday, March 24, 2023 10:37 PM IST
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായ കോട്ട റോഡിൽ വാഴക്കാല സ്കൂൾ ജംഗ്ഷൻ മുതൽ മോസ്ക് കോട്ടക്കവല വരെയുള്ള സർക്കാർ ഭൂമി വിലനൽകി ഏറ്റെടുക്കണമെന്ന വിചിത്ര റിപ്പോർട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻകമ്മിറ്റി കണ്‍വീനർ ജോണ്‍ മാറാടികുന്നേൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
പാതയുടെ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ടു പെരുമാങ്കണ്ടം മുതൽ മോസ്ക് കോട്ടക്കവല വരെയുള്ള ഭാഗത്തെ തടസങ്ങൾ നീക്കി മുൻ സർവേപ്രകാരം അളന്നു തിരിച്ചു കല്ലിടണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സർവേ ഡയറക്ടർ മുന്‍പാകെ അപേക്ഷ സമർപ്പിച്ചിരുന്നു. സർവേ ഡയറക്ടർ ഇതു ജില്ലാ കളക്ടർക്കു കൈമാറി.
ഇവിടെനിന്നു നടപടിക്കു തൊടുപുഴ താലൂക്ക് ഭൂരേഖ തഹസിൽദാർക്കു കത്ത് നൽകി.
റിപ്പോർട്ടിൽ വന്നത്
തുടർന്നു പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുമാരമംഗലം വില്ലേജിൽ ഉൾപ്പെടുന്ന പെരുമാങ്കണ്ടം മുതൽ കോടിക്കുളം വില്ലേജ് അതിർത്തി വരെയുള്ള ഭാഗം മുൻ താലൂക്ക് സർവേയർ റിക്കാർഡ് പരിശോധിച്ചു പുനർനിർണയം നടത്തിയിരുന്നു. ഇവിടെ പല ഭാഗത്തും കൈയേറ്റമുണ്ടെന്നാണ് നാട്ടുകാർ തന്നെ പറയുന്നത്. എന്നാൽ, ഈ ഭാഗത്തെ റോഡ് പുറന്പോക്ക് അതിർത്തി വീണ്ടും പുനർനിർണയം നടത്തണമെന്നു പിഡബ്ല്യുഡി അധികൃതർ ആവശ്യപ്പെട്ടില്ല. റിപ്പോർട്ട് പ്രകാരം ഈസ്റ്റ്കലൂർ ഭാഗത്ത് 200 മീറ്റർ ഒഴികെ ശേഷിക്കുന്ന ഭാഗം മണ്‍റോഡ് നിർമിച്ചിട്ടുള്ളതാണ്.
മണ്റോഡിൽ ഏതാനും ഭാഗത്തു കൃഷിയും മറ്റും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോട്ടക്കവല ഭാഗത്തുനിന്നു 70 മീറ്ററോളം നീളത്തിലും ആറുമീറ്ററോളം വീതിയിലും പുറന്പോക്ക് ടാറിംഗ് നടത്തിയതും 85 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും പുറന്പോക്ക് മണ്‍റോഡ് ഭാഗത്തോടു ചേർന്ന് 12 മീറ്റർ വീതിയിലും 64 മീറ്റർ നീളത്തിലും തരിശ് സ്ഥലവുമുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
ഒഴിപ്പിക്കാൻ മടിയോ?
കുമാരമംഗലം വില്ലേജ് അതിർത്തി വരെയുള്ള 850 മീറ്ററിൽ കൃഷി ദേഹണ്ഡങ്ങളുമുണ്ട്. കരിമണ്ണൂർ വില്ലേജിലെ മുൻ റിക്കാർഡനുസരിച്ചു പുറന്പോക്ക് ഇല്ലെന്നും ഈ സാഹചര്യത്തിൽ കോട്ടക്കവല മുതൽ കുമാരമംഗലം വില്ലേജ് അതിർത്തിവരെ റോഡ് നിർമിക്കണമെങ്കിൽ ഭൂമി ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, സർക്കാരിന്റെ പുറന്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു റോഡ് നിർമിക്കുന്നതിനു പകരം കൃഷി ദേഹണ്ഡങ്ങളുണ്ടെന്നും അതിനാൽ പൊന്നുംവില നൽകി ഏറ്റെടുക്കണമെന്നുമുള്ള റിപ്പോർട്ട് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി കണ്‍വീനർ ജോണ്‍ മാറാടികുന്നേൽ പറഞ്ഞു.