സുരക്ഷാനടപടി: ജില്ലാ കളക്ടർ ഗ്യാപ് റോഡ് സന്ദർശിച്ചു
1280236
Thursday, March 23, 2023 10:41 PM IST
ഇടുക്കി: അപകടങ്ങൾ പതിവാകുന്ന ബൈസണ്വാലി-ഗ്യാപ് റോഡിൽ ജില്ലാ കളക്ടർ ഷീബ ജോർജ് സന്ദർശനം നടത്തി.
അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ കളക്ടർ പരിശോധന നടത്തി. റോഡിന്റെ നിർമാണത്തിലും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിലും പോരായ്മയുണ്ടെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്.
സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന ഭാഗങ്ങളും തുടർന്നുള്ള ഏഴു കിലോമീറ്റർ ദൂരവും കളക്ടറും ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുമടങ്ങുന്ന സംഘം പരിശോധിച്ചു.
വിനോദസഞ്ചാരികളടക്കം നിരവധിപ്പേർ കടന്നുപോകുന്ന പ്രദേശമാണ് ഗ്യാപ് റോഡ്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുള്ള സൂചനാബോർഡുകൾ, റോഡ് സേഫ്റ്റി അഥോറിറ്റി നിർദേശിക്കുന്ന മറ്റു സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയവ 10 ദിവസത്തിനകം പൂർത്തിയാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.