സുപ്രിം കോടതിയില് അനൂകൂല വിധിയുണ്ടാകും: എ.രാജ
1280229
Thursday, March 23, 2023 10:41 PM IST
മൂന്നാര്: ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയില് അപ്പീല് നല്കുമെന്ന് എ. രാജ എംഎല്എ. ഹൈക്കോടതി വിധിയെ മാനിക്കുന്നു. എന്നാല്, തന്റെ ഭാഗം പൂര്ണമായി കേള്ക്കാതെയാണ് വിധി പ്രസ്താവിച്ചത്. 19ഓളം രേഖകള് കോടതിയില് ഹാജരാക്കി. ഇതു പരിഗണിച്ചില്ല.
പ്രസിഡന്ഷല് ഉത്തരവ് പ്രകാരം 1950നു മുമ്പ് മറ്റു സംസ്ഥാനങ്ങളില്നിന്നു കേരളത്തിലേക്ക് കുടിയേറിയവർക്ക് അതാതു സംസ്ഥാനങ്ങളില് നല്കിയിരുന്ന സംവരണം നല്കണമെന്നതാണ് ചട്ടം. തന്റെ മുത്തശി 1949 മുതല് ടാറ്റ കമ്പനിയില് തോട്ടംതൊഴിലാളിയായിരുന്നു. 1950നു ശേഷം വന്നവര്ക്ക് ഈ പരിഗണന ലഭിക്കുന്നില്ല. അച്ഛന്റെ ജനന സര്ട്ടിഫിക്കറ്റ്, സ്കൂള് സര്ട്ടിഫിക്കറ്റ്, ജാതി സര്ട്ടിഫിക്കറ്റ്, വിവിധ ഘട്ടങ്ങളില് പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളില്നിന്നു വാങ്ങിയ രേഖ, സ്പെഷല് മാര്യേജ് ആക്ട് പ്രകാരമുള്ള രേഖ ഉള്പ്പെടെയാണ് കോടതിയില് നല്കിയത്.
2016ല് മരിച്ച അമ്മയുടെ മൃതദേഹം കുണ്ടള എസ്റ്റേറ്റ് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. സിഎസ്ഐ പള്ളിയിലാണെന്ന വാദം തെറ്റാണ്. പഞ്ചായത്തില്നിന്നു ലഭിച്ച മരണ സര്ട്ടിഫിക്കറ്റും കോടതിയില് സമര്പ്പിച്ചിരുന്നു.