വന്യമൃഗഭീതിയിൽനിന്ന് മലയോര ജനതയെ രക്ഷിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
1279676
Tuesday, March 21, 2023 10:39 PM IST
ചെറുതോണി: ഹൈറേഞ്ച് ജനത ഇന്നു വലിയ ഭീതിയിലാണ് കഴിയുന്നത്. കുടിയേറ്റ കാലത്തെപ്പോലും അന്പരപ്പിക്കുന്ന തരത്തിൽ വന്യമൃഗശല്യത്താൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകരുടെ ദേഹണ്ഡങ്ങളപ്പാടെ വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്.
ഈ സാഹചര്യത്തിൽ വനംവകുപ്പ് കാര്യക്ഷമമായി ഉണർന്നു പ്രവർത്തിക്കുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ദ്രുതഗതിയിലുള്ള നടപടികളിലൂടെ ജനങ്ങളുടെ ആശങ്കയും ആകുലതയും ദൂരീകരിക്കുകയും ചെയ്യണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.
വാത്തിക്കുടി, കാമാക്ഷി, ഇരട്ടയാർ പഞ്ചായത്തുകളിലൊക്കെ പുലിയുടെയും കടുവയുടെയും സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അടിമാലി ടൗണിൽപ്പോലും കാട്ടുപന്നി വിലസുന്നു. മൂന്നാർ മേഖലയിൽ അരിക്കൊമ്പൻ, പടയപ്പ ആനകൾ സാധാരണക്കാരുടെ ഇടയിൽ ക്രൂരവിനോദം നടത്തുന്നു. പട്ടാപ്പകൽപോലും പുറത്തിറങ്ങാനാവാത്തവിധം പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നതിനാൽ ഹൈറേഞ്ചിലെ ജനങ്ങൾ ഭയാശങ്കയിലാണ്.
ഉത്തരവാദിത്വപ്പെട്ടവർ ജനത്തിന്റെ ആശങ്ക ഉൾക്കൊള്ളണം. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ നൽകണം. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് അത്യന്തം ഖേദകരമാണ്.
വനംവകുപ്പിന്റെ നിഷ്ക്രിയത്വവും നടപടികളിലെ വീഴ്ചയും സാധാരണക്കാരിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കുന്നതായി മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.