ഉപ്പുതറയിൽ സിപിഎം നേതാക്കൾക്കെതിരേ നടപടി
1265693
Tuesday, February 7, 2023 10:52 PM IST
ഉപ്പുതറ: ഉപ്പുതറയിൽ സിപിഎം നേതാക്കൾക്കെതിരേ പാർട്ടി അച്ചടക്ക നടപടി. ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്റണി, ചീന്തലാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണു നടപടി.
കെ. സുരേന്ദ്രൻ, മനു ആന്റണി എന്നിവരെ ബ്രാഞ്ച് കമ്മറ്റിയിലേക്കു തരംതാഴ്ത്തി. ആർ. ബോസിനെയും കെ. സുരേഷ് ബാബുവിനെയും പരസ്യ ശാസനയ്ക്കു വിധേയമാക്കി. കഴിഞ്ഞ 22നു നേതാക്കൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്നാണു നടപടി.
സുരേഷ് ബാബുവിന്റെ വിവാഹവാർഷികത്തിനു ഒത്തുകൂടിയ നേതാക്കൾക്കു സൽക്കാരത്തിന്റെ ഭാഗമായി മദ്യം വിളമ്പിയിരുന്നു. ഒരുമിച്ചു മദ്യപിച്ചശേഷം റോഡിൽ എത്തിയ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ബോസിനു സാരമായി പരിക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല, ഏരിയ സെക്രട്ടറിമാർക്കു പരാതി നൽകി. തുടർന്നു പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.
ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണു നടപടി സ്വീകരിച്ചത്. തരംതാഴ്ത്തപ്പെട്ടവർക്ക് ഏതു ബ്രാഞ്ചിൽ പ്രവർത്തിക്കണമെന്നു സ്വയം തീരുമാനിക്കാം. ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം കെ. കലേഷ്കുമാറിനു നൽകി.