മൂല്യപരിപോഷണം വിദ്യാഭ്യാസത്തിൽ അനിവാര്യം: മാർ മഠത്തിക്കണ്ടത്തിൽ
1264835
Saturday, February 4, 2023 10:38 PM IST
തൊടുപുഴ: മൂല്യപരിപോഷണം വിദ്യാഭ്യാസത്തിൽ അനിവാര്യമാണെന്നും ഇതിന നല്ല വായനയും ബന്ധങ്ങൾ വളർത്തിയെടുക്കൽ ആവശ്യമാണെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം നമുക്കാവശ്യമാണ്. ബൗദ്ധിക വളർച്ചയ്ക്കൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തലും വിദ്യാഭ്യാസത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭവനപദ്ധതിയുടെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ കോണ്ഗ്രിഗേഷൻ പ്രൊവിൻഷ്യൽ ജനറൽ ഫാ. ജോണ് കണ്ടത്തിൻകര അധ്യക്ഷത വഹിച്ചു.
ഫിലിം ഡയറക്ടർ ലാൽ ജോസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സ്വിമ്മിംഗ് പൂൾ പ്രോജക്ടിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപ്പിള്ളിൽ, ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, വാർഡ് കൗണ്സിലർ മുഹമ്മദ് അഫ്സൽ, ഡോ. ജെറിൻ റോമിയോ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഫാ. സിബി കെ. ജോണ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ. ടിനു അടപ്പൂർ നന്ദിയും പറഞ്ഞു.
തുടർന്നു വിദ്യാർഥികളുടെ കലാപരിപാടികളും കൊച്ചിൻ ഹരിശ്രീയുടെ മെഗാഷോയും അരങ്ങേറി.