കാർഷിക മേളയിൽ കർഷകസംഗമം
1264826
Saturday, February 4, 2023 10:37 PM IST
അടിമാലി: കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ നടന്നുവരുന്ന കാർഷിക മേളയുടെ ഭാഗമായി കർഷക സംഗമവും കർഷകരെ ആദരിക്കലും നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ കർഷകസംഗമം ഉദ്ഘാടനം ചെയ്യ്തു. കൊന്നത്തടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണു പാറത്തോട്ടിൽ കാർഷിക മേള സംഘടിപ്പിച്ചത്.
സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആദ്യകാല കർഷകരെയും മികച്ച കർഷകരെയും ആദരിച്ചു. മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മന്ത്രി റോഷി അഗസ്റ്റിൻ കേരള വിഷൻ മീഡിയാ നെറ്റ് റിപ്പോർട്ടർ സൽജി ഈട്ടിത്തോപ്പിനു നൽകി. കേരളോത്സവ വിജയികളെയും ആദരിച്ചു.
കൊന്നത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മൽക്ക, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ഹൗസിംഗ് ബോർഡ് അംഗം ഷാജി കാഞ്ഞമല തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും, കാർഷിക വിളകൾ ജൈവ കൃഷി എന്ന വിഷയങ്ങളിലും സെമിനാർ നടത്തി.