തുണികൾ മെത്തയാക്കി, പാത്രങ്ങൾ വിറ്റ് മദ്യം കഴിച്ചു; വിരുതനെ പോലീസ് പൊക്കി
1264273
Thursday, February 2, 2023 10:31 PM IST
മൂന്നാർ: ആളൊഴിഞ്ഞ വീട്ടിൽ താമസിച്ച് വീട്ടുപകരണങ്ങൽ മോഷ്ടിച്ചു വിറ്റ മോഷ്ടാവിനെ പോലീസ് പൊക്കി. കാലവർഷത്തിൽ പിഡബ്ല്യൂഡി കോട്ടേഴ്സ് അപകടത്തിലായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് മാറിയ എസ്. ബാലസുബ്രമണ്യന്റ വീട്ടിൽ താമസിച്ച് വീട്ടുപകരണങ്ങൾ മോഷ്ടിച്ച വിരുതനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിവാസൽ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനിൽ താമസക്കാരനുമായ മണികണ്ഠ(42)നെയാണ് അറസ്റ്റ് ചെയ്തത്. അത്യാവശ്യ സാധനങ്ങളായ പാത്രങ്ങളും തുണികളും മാത്രമാണ് ക്വാർട്ടേഴ്സിൽ നിന്ന് മാറ്റിയിരുന്നത്. ടിവി, തയ്യൽ മിഷൻ, മറ്റ് സാഘനങ്ങൾ എല്ലാം വീട്ടിൽതന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടിൽ ബാലസുബ്രമണ്യം താമസിക്കുന്നതും പതിവായിരുന്നു.
എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറി താമസം ആരംഭിച്ചു. തുടർന്നു വീട്ടിലെ പത്രങ്ങൾ ഓരോന്നായി ടൗണിൽ കൊണ്ടുപോയി വിറ്റ് പണം സ്വരൂപിച്ച് മദ്യം വാങ്ങി കഴിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന തുണികൾ മെത്തയാക്കി കിടന്നുറങ്ങി. ഇന്നലെ രാവിലെ എൽഇഡി ടിവിയും പാത്രങ്ങളും തലയിൽ ചുമന്ന് പോകുന്നത് കണ്ട അയൽവാസികൾ കാര്യം തിരക്കിയതോടെയാണ് കള്ളൻ കുടുങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐ നിസാമിന്റ നേതൃത്വത്തിലുള്ള പോലീസാണ് ് പ്രതിയെ അറസ്റ്റ് ചെയ്തത്.