കാരിക്കോട്-ആനക്കയം റോഡ്: യുഡിഎഫ് സമരം നടത്തി
1263982
Wednesday, February 1, 2023 10:31 PM IST
തൊടുപുഴ: രണ്ടു വർഷമായി തകർന്നുകിടക്കുന്ന കാരിക്കോട്-തെക്കുംഭാഗം-അഞ്ചിരി-ഇഞ്ചിയാനി-ആനക്കയം റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ യുഡിഎഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളും സഹകരണ ബാങ്ക് പ്രതിനിധികളും സത്യഗ്രഹം നടത്തി.
പി.ജെ. ജോസഫ് എംഎൽഎ കഴിഞ്ഞ ബജറ്റിൽ തുക ഉൾപ്പെടുത്താൻ നിർദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്തുവകുപ്പ് നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത സർക്കാർ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം ടോമി കാവാലം, സലീഷ് പഴയിടം, യുഡിഎഫ് ആലക്കോട് മണ്ഡലം ചെയർമാൻ കെ.എം. കാസിം, കണ്‍വീനർ വി.എം. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യഘട്ടമായി യുഡിഎഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം തൊടുപുഴ പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.
തുടർന്ന് ഈ റോഡിന് 21 കോടി അനുവദിച്ചതായി എൽഡിഎഫ് നേതൃത്വം പ്രസ്താവന നടത്തി. എന്നാൽ, ഇതുവരെ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നു നേതാക്കൾ കുറ്റപ്പെടുത്തി.