അങ്കമാലി-ശബരി പാതയ്ക്ക് തുക അനുവദിക്കണം: എംപി
1247286
Friday, December 9, 2022 10:29 PM IST
തൊടുപുഴ: അങ്കമാലി-ശബരി റെയിൽപാതയ്ക്ക് ബജറ്റിൽ തുക അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വന്ദേഭാരത് ട്രെയിൻ ഓടിക്കാവുന്ന സൗകര്യത്തോടെ നിർമിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ശബരിപാത തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽപാതയുടെ ആദ്യഘട്ടമാണെന്നും എരുമേലിയിൽനിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി ദീർഘിപ്പിക്കാൻ സർവേക്ക് അനുമതി നൽകണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.
ദേശീയ തീർഥാടനകേന്ദ്രമായ ശബരിമലയെയും കാലടി, രാമപുരം, ഭരണങ്ങാനം, എരുമേലി എന്നിവയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്നതിനും എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ശബരി റെയിൽ അനിവാര്യമാണ്. ജില്ലയിൽ തീവണ്ടി സൗകര്യം ലഭ്യമാക്കുന്ന അങ്കമാലി-ശബരി റെയിൽവേ പ്രധാനമന്ത്രി നേരിട്ട് മോണിറ്റർ ചെയ്യുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ്. സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാരിനെ അറിയിച്ചതും കിഫ്ബിയിൽനിന്ന് 2,000 കോടി അനുവദിച്ചതുമായ നിർദ്ദിഷ്ട ശബരി പാതയുടെ 3,745 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.