ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ വ്യാപാരി അറസ്റ്റിൽ
1246284
Tuesday, December 6, 2022 10:23 PM IST
ഉപ്പുതറ: ഏലം ലേലകേന്ദ്രത്തിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ പൂപ്പാറയിലെ സ്റ്റേഷനറി വ്യാപാരിയെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ എസ്റ്റേറ്റിന് സമീപം കാവും ഭാഗത്ത് കണ്ണാറയിൽ രഘുനാഥ് ചന്ദ്രൻപിള്ള (50) ആണ് അറസ്റ്റിലായത്. അയ്യപ്പൻകോവിൽ ആനക്കുഴി കല്ല്തെക്ക് വീട്ടിൽ വിഷ്ണു മോഹൻ (30) നൽകിയ പരാതിയിലാണ് അറസ്റ്റ്.
കേന്ദ്ര സർക്കാർ സ്ഥാപനമായ പുറ്റടി സ്പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽനിന്നു 1,15,000 രൂപ രഘുനാഥ് കൈപ്പറ്റിയിരുന്നു. പണം രഘുനാഥിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചത്. 2021 മാർച്ചിലാണ് പണം കൈമാറിയത്.
പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ പണം തിരികെ ചോദിക്കുകയും രണ്ട് മാസത്തിനകം പണം തിരികെ നൽകാമെന്ന ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു. സമയം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നപ്പോഴാണ് വിഷ്ണു മോഹൻ പോലീസിൽ പരാതി നൽകിയത്. ഇന്നലെ ഉപ്പുതറ സിഐ ഇ. ബാബു പൂപ്പാറയിലെത്തി വഞ്ചനാക്കുറ്റത്തിനു രഘുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.