ഉടുന്പന്നൂർ-മണിയാറൻകുടി റോഡ് യാഥാർഥ്യമാക്കും: എംപി
1246006
Monday, December 5, 2022 10:33 PM IST
തൊടുപുഴ: ഉടുന്പന്നൂർ-മണിയാറൻകുടി റോഡ് യാഥാർഥ്യമാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കരുവാക്കി റോഡിന്റെ അനുമതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തുന്നതെന്ന് എംപി ആരോപിച്ചു.
2018ൽ പിഎംജിഎസ്വൈ ഫേസ് 2 പദ്ധതികൾ അവസാനിച്ച് 2019 ഓഗസ്റ്റിൽ ഫേസ് 3 ആരംഭിച്ചപ്പോൾ ആദ്യം നൽകിയ റോഡാണിത്.
ജില്ലയിൽ 133 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. ഇതിൽ വനംവകുപ്പിന്റെ അനുമതി വേണ്ടത് മണിയാറൻകുടി-ഉടുന്പന്നൂർ റോഡിന് മാത്രമാണ്. ഇതിനായി സംസ്ഥാന സർക്കാരിലും വനംവകുപ്പിലും ശക്തമായ ഇടപെടൽ നടത്തിവരികയാണ്.
2015ൽ റോഷി അഗസ്റ്റിൻ എംഎൽഎ ഈ റോഡിന് ഫണ്ട് അനുവദിച്ചപ്പോൾ കേന്ദ്ര ഫണ്ട് ആണെങ്കിൽ വനംവകുപ്പിന്റെ അനുമതി നൽകാമെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എംഎൽഎയ്ക്ക് മറുപടി നൽകിയിരുന്നു.
റോഡിന് കൂടുതൽ വീതി ലഭ്യമാക്കുന്നതിനായി വനംമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ വനം ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിക്കുകയും ചർച്ചയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് സർവേയ്ക്ക് അനുമതി നൽകിയതായും എംപി പറഞ്ഞു.
എംപി എന്ന നിലയിൽ ഏല്ലാവരെയും സഹകരിപ്പിച്ച് മാനദണ്ഡങ്ങൾ പാലിച്ച് പരിവേഷ് സൈറ്റിൽ അപ്ലോഡ് ചെയ്ത് കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്താൽ ഇക്കാര്യം സാധ്യമാകുമെന്നും എംപി പറഞ്ഞു.