രാമാനുജം സ്മൃതി പുരസ്കാരം കാഞ്ചിയാർ രാജന്
1246005
Monday, December 5, 2022 10:33 PM IST
പൊൻകുന്നം: നാടകാചാര്യൻ പ്രഫ. എസ്. രാമാനുജത്തിന്റെ സ്മരണയ്ക്കായി അനുസ്മരണസമിതി ഏർപ്പെടുത്തിയ രണ്ടാമത് സ്മൃതി പുരസ്കാരം കാഞ്ചിയാർ രാജന്. എഴുപതുകളുടെ തുടക്കം മുതൽ നാടകരചന, സംവിധാനം, ഫോക് ലോർ പഠനം എന്നീ മേഖലകളിൽ നടത്തുന്ന പ്രവർത്തനം മാനിച്ചാണ് പുരസ്കാരം. 10,001 രൂപയും നടരാജശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡ്.
പൊൻകുന്നം ജനകീയ വായനശാലയും പാലാ തിയറ്റർഹട്ടും ചേർന്ന് 10ന് വൈകുന്നേരം അഞ്ചിന് ജനകീയ വായനശാലയിൽ നടത്തുന്ന സ്മൃതിദിനാചരണത്തിൽ പുരസ്കാരം സമ്മാനിക്കും.
കൊടുങ്ങല്ലൂർ രാരംഗ് തിയറ്റർ ഫോർ എഡ്യുക്കേഷൻ പ്രവർത്തകനായ വി. മനോജ് രാമാനുജം അനുസ്മരണപ്രഭാഷണം നടത്തും. വായനശാല പ്രസിഡന്റ് ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിക്കും. ഫ്ലോട്ടിംഗ് ബോഡീസ് എന്ന രംഗാവതരണവും നടത്തും.