സിഎംഎൽ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
1227840
Thursday, October 6, 2022 10:48 PM IST
തൊടുപുഴ: കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു. ഓരോ ഇടവകയിലും ഒരേ സമയത്ത്, ഒരേ രീതിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത് ശ്രദ്ധേയമായി. രൂപതയിലെ 112 ഇടവകകളിലും കൃതജ്ഞതാബലിയും പ്രേഷിതറാലിയും പൊതുസമ്മേളനവും നടത്തി.
കഴിഞ്ഞ രണ്ടിന് രാവിലെ ആരംഭിച്ച ആഘോഷങ്ങളിൽ രൂപതയിലെ എല്ലാ ശാഖകളിലുമായി 25000-ത്തോളം മിഷണറിമാർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മിഷൻലീഗ് മുൻ ഭാരവാഹികളെ ആദരിച്ചു.
രൂപതാതല സമാപന ചടങ്ങുകൾക്ക് തൊടുപുഴ ശാഖ ആതിഥേയത്വം വഹിച്ചു. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ രൂപത പ്രസിഡന്റ് ഡെൻസണ്‍ ഡോമിനിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മിഷൻ ലീഗ് ഗാനം എഴുതിയ നേര്യമംഗലം ഇടവകാംഗം ജയിംസ് ബിനു ചാക്കോയെ ബിഷപ് ആദരിച്ചു.
രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ, തൊടുപുഴ ഫൊറോന പള്ളി വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, അസി. വികാരി ഫാ. ജോസഫ് കുന്നുംപുറത്ത്, മേഖല പ്രസിഡന്റ് ആൽബർട്ട്, ശാഖ പ്രസിഡന്റ് എസ്. സ്റ്റീഫൻ, സെക്രട്ടറി എബിൻ സിബി, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ഫിലോറാണി എന്നിവർ പ്രസംഗിച്ചു.