കിഴുകാനം വനംവകുപ്പ് ഓഫീസ് ആദിവാസികൾ ഉപരോധിച്ചു
1226957
Sunday, October 2, 2022 10:52 PM IST
ഉപ്പുതറ: കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വനം വകുപ്പിന്റെ കിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് ആദിവാസികൾ മാർച്ചും ധർണയും നടത്തി. കേരള ഉള്ളാട മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറുകണക്കിന് ആദിവാസികൾ പങ്കെടുത്തു. കള്ളക്കേസിൽ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നും സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
കിഴുകാനം ജംഗ്ഷനിൽ തുടങ്ങിയ മാർച്ച് ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ കെയുഎംഎസ് പ്രസിഡന്റ് എൻ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു.
എം.കെ.അനുമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ആർ. രശ്മി, കെ.കെ. ബാലകൃഷ്ണൻ, മുല്ല ഊരുമൂപ്പൻ കെ.കെ. ബിനോ,, സോനറ്റ് രാജ്, ഇ.ജെ. സെബസ്യ എന്നിവർ പ്രസംഗിച്ചു.