റബർ വിലസ്ഥിരതാ ഫണ്ട് സൈറ്റ് തുറക്കണം: കേരള കോണ്ഗ്രസ്
1225555
Wednesday, September 28, 2022 10:40 PM IST
തൊടുപുഴ: റബർ വിലയിടിവുമൂലം ഉണ്ടായിട്ടുള്ള ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ റബർ വിലസ്ഥിരതാ ഫണ്ടിനുള്ള സൈറ്റ് അടിയന്തരമായി തുറക്കണമെന്ന് കേരള കോണ്ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനംമൂലം റബറിന്റെ ഉത്പാദനം കുറഞ്ഞിട്ടും വിലയിടിവ് തുടരുകയാണ്. 200 രൂപയ്ക്ക് മുകളിൽ ഷീറ്റിന് വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോഴിത് 140 രൂപയിലേക്കു താഴ്ന്നു. ഒട്ടുപാലിന്റെ വില 90 രൂപയിൽ താഴെയായി. വിലയിടിയാൻ സാഹചര്യമൊരുക്കുന്നത് റബർ വ്യവസായ ലോബികൾ വിപണിയിൽനിന്നു വിട്ടുനിൽക്കുന്നതിനാലാണ്. വിദേശത്തുനിന്ന് യഥേഷ്ടം റബറും ഉത്പന്നങ്ങളും ക്രംബും ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്താശ ചെയ്യുകയാണ്. ടയർ കന്പനികളുടെ നിയന്ത്രണത്തിൽ സർക്കാരുകൾ എത്തിയതോടെ വ്യാപാര രംഗത്തുനിന്നു വിട്ടുനിന്ന് മനഃപൂർവം റബറിന്റെ വിലിയിടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എക്സ് എംപി, ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, അഡ്വ. ജോസഫ് ജോണ്, എം. മോനിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.