ന്യൂമാന്റെ ഷെയർ എ ബ്രഡിന് ദേശീയ പുരസ്കാരം
1225545
Wednesday, September 28, 2022 10:19 PM IST
തൊടുപുഴ: ന്യൂമാൻ കോളജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉച്ചഭക്ഷണ പരിപാടിയായ ഷെയർ എ ബ്രഡ് പദ്ധതിക്ക് ദേശീയ പുരസ്കാരം. മുംബൈ നഗിന്ധാസ് കാണ്വാലെ ഓട്ടോണോമസ് കോളജ് സംഘടിപ്പിച്ച ഭവിഷ്യ ഭാരത് ദേശീയ അവാർഡിനാണ് കോളജ് അർഹമായത്. രാജ്യത്തെ നൂറോളം കോളജുകൾ പങ്കെടുത്ത മത്സരത്തിൽ ദേശീയതലത്തിൽ കോളജുകളിൽ നടപ്പാക്കിവരുന്ന മികച്ച സാമൂഹിക പ്രതിബദ്ധത സംരംഭമായാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്.
കോളജിൽ ഷെയർ എ ബ്രഡ് പദ്ധതി 2013ലാണ് ആരംഭിച്ചത്. വിശപ്പിനെതിരേ പോരാടുക എന്ന ലക്ഷ്യത്തോടെ എൻസിസി കേഡറ്റുകൾ തുടക്കംകുറിച്ച ഈ പദ്ധതി കഴിഞ്ഞ 10 വർഷമായി വിജയകരമായി നടപ്പാക്കിവരികയാണ്. ദിവസേന നൂറുകണക്കിന് പൊതിച്ചോറുകളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നത്. ഇത് മാനസികരോഗികളുടെ പുനരധിവാസത്തിനായി തൊടുപുഴ മൈലക്കൊന്പിൽ പ്രവർത്തിക്കുന്ന ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്കാണ് വിതരണം ചെയ്തുവരുന്നത്.
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉൗട്ടിയുറപ്പിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് പറഞ്ഞു. ഭക്ഷണശേഖരണത്തിന് പുറമേ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര ഘട്ടങ്ങളിലും എൻസിസിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണസാധനങ്ങളുടെ ശേഖരണം പദ്ധതിയുടെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ഡോ. ബോണി ബോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സംരംഭത്തെ കോളജ് മാനേജർ മോണ്. ഡോ. പയസ് മലേക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ വീരേന്ദ്ര ധത്ത്വാലിയ, കേണൽ ലാൻസ് ഡി റോഡ്രിഗ്സ്, ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുന്പുറം, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഏബ്രഹാം നിരവത്തിനാൽ എന്നിവർ അഭിനന്ദിച്ചു.