കാട്ടാനക്കൂട്ടം മുന്നിൽ; മരത്തിൽ കയറി രക്ഷപ്പെട്ട് യുവാവ്
1224916
Monday, September 26, 2022 10:28 PM IST
രാജകുമാരി: ചിന്നക്കനാല്‍ സിങ്കുകണ്ടത്തിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നില്‍പ്പെട്ട കര്ഷകന് ഒന്നര മണിക്കൂറോളം മരത്തിനു മുകളില്‍ കയറിയിരുന്ന് ജീവന് രക്ഷിച്ചു. സിങ്കുകണ്ടം സ്വദേശി സജി(40) ആണ് ഇന്നലെ രാവിലെ 10 ന് കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ പെട്ടത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടികളുമടങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്നുമാണ് സജി അത്ഭുതകരമായി രക്ഷപ്പെട്ടത്.
കൊമ്പന് പാഞ്ഞടുത്തതോടെ സജി സമീപത്തെ പുല്‍മേട്ടിലുള്ള യൂക്കാലി മരത്തിന്റെ മുകളില്‍ കയറുകയായിരുന്നു. മരത്തിന്റെ ചുവട്ടിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം അവിടെ മേഞ്ഞു നടക്കാന്‍ തുടങ്ങി. സജി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇത് കണ്ടു. അവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ ഇവിടെനിന്നു തുരത്തിയത്. അതിനു ശേഷമാണ് സജിക്ക് മരത്തിനു മുകളിൽ നിന്നും താഴെയിറങ്ങാനായത്.