ബൈക്ക് മോഷ്ടിച്ചു കടത്തിയ പ്രതി പിടിയിൽ
1224235
Saturday, September 24, 2022 11:19 PM IST
മുട്ടം: ബൈക്ക് മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതി പിടിയിൽ. മുട്ടം വടക്കൻ വീട്ടിൽ റെജിയുടെ ബൈക്കാണ് മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് കഴിഞ്ഞ ഒൻപതിന് മോഷണം പോയത്. ബൈക്ക് ഉച്ചയ്ക്ക് 1.30ഓടെ മുട്ടം -ഇടപ്പള്ളി റൂട്ടിൽ ഒരാൾ ഓടിച്ചു പോകുന്നത് പ്രദേശവാസി കണ്ടിരുന്നു. റെജി നൽകിയ പരാതിയെത്തുടർന്ന് മുട്ടം പോലീസ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അജ്മലാണ് ബൈക്ക് മോഷ്ടിച്ച് കടത്തിയതെന്ന് കണ്ടെത്തി. പ്രതി മൊബൈൽ ഫോണ് ഉപയോഗിക്കാത്ത ആളായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്കൂളിന് സമീപത്തുള്ള ആയുർവേദ സ്ഥാപനത്തിന്റെ മുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകുന്നത് സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞെങ്കിലും പ്രതിയുടെ മുഖം വ്യക്തമല്ലായിരുന്നു. ഇതേത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നിർദേശപ്രകാരം മുട്ടം എസ്എച്ച്ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.എ. അസീസ്, പി.കെ. ഷാജഹാൻ, എഎസ്ഐ മാരായ ഉണ്ണികൃഷ്ണൻ, ജമാൽ, എസ്സിപിഒമാരായ ബിനു, ജോസ്, ഷാജി, പ്രതാപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.