ദേശീയ ശില്പശാലയിൽ കൊന്നത്തടി പഞ്ചായത്തും
1224230
Saturday, September 24, 2022 11:19 PM IST
അടിമാലി: അജൈവ മാലിന്യ ശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും നൂറ് ശതമാനം നേട്ടം കൈവരിച്ചതുവഴി ശ്രദ്ധേയമായ കൊന്നത്തടി പഞ്ചായത്തിന് കേന്ദ്ര ജലശക്തി മന്ത്രാലയം മഹാരാഷ്ട്രയിലെ പൂനയിൽ സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുക്കാൻ അവസരം. കേരളത്തിൽനിന്ന് 10 പഞ്ചായത്തുകൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഇടുക്കിയിൽനിന്നുള്ള ഏക പഞ്ചായത്ത് കൊന്നത്തടിയാണ്.
പഞ്ചായത്തിലെ 6344 വീടുകളിൽനിന്നും 422 കടകളിൽനിന്നുമായി 3,23,600 രൂപ ജൂലൈയിൽ യൂസർ ഫീ സമാഹരിച്ചാണ് നേട്ടത്തിലേക്ക് പഞ്ചായത്ത് എത്തിയത്. അതുല്യനേട്ടം കൈവരിച്ച പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അഭിനന്ദിച്ചിരുന്നു.
പഞ്ചായത്ത് നടപ്പാക്കിയ പ്രോജക്ട് അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയായി പ്രദർശിപ്പിക്കുന്നതിന് ശില്പശാലയിൽ അവസരം ലഭിച്ചു. പഞ്ചായത്ത് അവതരിപ്പിച്ച പ്രോജക്ടിന്റെ കാലിക പ്രസക്തി കണ്ടറിഞ്ഞ് ജലശക്തി മന്ത്രാലയം പഞ്ചായത്തിന് പുരസ്കാരം നൽകി ആദരിച്ചു.
മന്ത്രാലയം സെക്രട്ടറി ബിനി മഹാജനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് പുരസ്കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ടി.പി. മൽക്ക, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമംഗല വിജയൻ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ അച്ചാമ്മ ജോസ്, എസ്. ശ്യാം എന്നിവർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപിക്കും.