നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക് ശന്പളം നൽകണമെന്ന് ഉത്തരവ്
1223968
Friday, September 23, 2022 10:53 PM IST
കോട്ടയം: ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നതിന് മുമ്പു നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്കു ഏഴു ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമന അംഗീകാരം കിട്ടിയവരുടെ പോലും ശമ്പളം തടഞ്ഞിരിക്കുകയായിരുന്നു. ഇതിനെതിരേ പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ വിവിധ കക്ഷികള്‍ സര്‍ക്കാരിലേക്ക് പരാതി നല്‍കിയിരുന്നു.
ഹൈക്കോടതിയുടെ അന്തിമവിധിയില്‍ നിലവില്‍ അംഗീകാരം നല്കിയ കേസുകള്‍ പുന പരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിധി വരുന്നതിനു മുമ്പായി നിയമന അംഗീകാരം ലഭിച്ച എല്ലാ അധ്യാപകര്‍ക്കും പെന്‍ നമ്പര്‍ നല്കി ശമ്പളം ഏഴ് ദിവസത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായത്.