പട്ടയമില്ലാത്തവർക്കും ആനുകൂല്യം ലഭിക്കാൻ നടപടി വേണമെന്ന്
1223605
Thursday, September 22, 2022 10:13 PM IST
വണ്ണപ്പുറം: പട്ടയമില്ലാത്തവർക്കും സർക്കാരിന്റെ റബർ വില സ്ഥിരതാ പദ്ധതി ഉൾപ്പെടെയുള്ളവയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വണ്ണപ്പുറം ആർപിഎസ് പ്രസിഡന്റ് ജോണി മുണ്ടയ്ക്കാമറ്റം ആവശ്യപ്പെട്ടു. വെണ്മറ്റം, മുണ്ടൻമുടി, കള്ളിപ്പാറ, മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളിലും ആർപിഎസുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ 17 വാർഡുകളിൽ ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ പല കുടുംബങ്ങൾക്കും പട്ടയം ലഭിക്കാത്ത സാഹചര്യമാണ്.
റബർ കർഷകരാണ് കൂടുതൽ പേരും. പട്ടയം ഉള്ളവർക്കുമാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന സ്ഥിതിയുണ്ടായാൽ പലരും പദ്ധതിക്കു പുറത്താകും. വിലത്തകർച്ച മൂലം ദുരിതത്തിലായ കർഷകർക്ക് ഇതു ഇരുട്ടടിയായി മാറുകയും ചെയ്യും. പട്ടയമില്ലാത്ത ഭൂവുടമകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ നൽകിവന്നിരുന്നത്. ഈ സ്ഥിതി തുടരണമെന്നാണ് റബർബോർഡ് അധികൃതർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്.
പുനഃപരിശോധനയും മുദ്രവയ്പ്പും നാളെ
തൊടുപുഴ: ലീഗൽ മേട്രോളജി വകുപ്പ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന കരിങ്കുന്നം, മുട്ടം പഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും ഹർത്താൽ പ്രഖ്യാപിച്ചതിനാൽ നാളെ നടക്കും. കരിങ്കുന്നം പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 മുതൽ 12.30 വരെയും മുട്ടം പഞ്ചായത്ത് ഓഫീസിൽ ഉച്ചയ്ക്ക് 1.30 മുതൽ മൂന്നു വരെയുമാണ് പരിശോധന.