തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാൻ നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ ഗതാഗത ഉപദേശക സമിതി യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി. എല്ലാ മാസവും ട്രാഫിക് കമ്മിറ്റികൾ ചേരാനും ഇതിലെ തീരുമാനങ്ങൾ പ്രധാന കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഗതാഗത ഉപദേശക സമിതി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചു.
വൈസ് ചെയർമാൻ, കൗണ്‍സിലർമാർ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, പിഡബ്യുഡി ഉദ്യോഗസ്ഥർ ട്രാക്ക്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിൽ യോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നു.
നഗരത്തിലെ എല്ലാ റോഡുകളിലെയും സീബ്രാലൈനുകൾ തെളിക്കുക, ദിശാബോർഡുകൾ സ്ഥാപിക്കുക, അന്പലം ബൈപാസിലെ വഴിയോരക്കച്ചവടം ഒഴിവാക്കുക, മുല്ലക്കൽ ജംഗ്ഷൻ, മുതലക്കോടം മാവിൻ ചുവട്, ഇന്ത്യൻ ഹാർഡ് വെയറിന് സമീപം, ന്യൂമാൻ കോളജിന് മുൻവശം, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ റോഡ് തടസപ്പെടുത്തിയുള്ള അനധികൃത വഴിയോരക്കച്ചവടം എന്നിവ അവസാനിപ്പിക്കുക. ടൗണിൽ ഫുട്പാത്ത് തടസപ്പെടുത്തിയുള്ള കച്ചവടം നിരോധിക്കുക, വാഹനങ്ങളിൽനിന്ന് ലോഡ് ഇറക്കുന്നതും കയറ്റുന്നതും രാവിലെ എട്ടിനുമുന്പും പതിനൊന്ന് മുതൽ മൂന്നു വരെയുമായി നിജപ്പെടുത്തുക, മോർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപത്തെ മൂപ്പിൽക്കടവ്, കോതായിക്കുന്ന്, ഇടുക്കി റോഡ് ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലത്തുനിന്ന് 20 മീറ്റർ മുന്നോട്ടു മാറ്റുക, മാർക്കറ്റ് റോഡ് ഗാന്ധി സ്ക്വയർ മുതൽ കോതായിക്കുന്ന് വരെയുള്ള ഭാഗം വണ്വേയാക്കുക എന്നിവയായിരുന്നു നേരത്തെ എടുത്തിരുന്ന തീരുമാനങ്ങൾ.
ഈ തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് നഗരത്തിലെ ഇപ്പോഴത്തെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയൂവെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിൽ പലയിടത്തും രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പോലീസടക്കം വീഴ്ച കാട്ടുകയാണ്. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കുരുക്കിനിടയാക്കുന്നു.
അനധികൃത പാർക്കിംഗിനെതിരേ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ പറഞ്ഞു. അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും ഗതാഗത തടസത്തിനിടയാക്കുന്നുവെന്ന് വൈസ്ചെയർപേഴ്സണ്‍ ജെസി ജോണി വ്യക്തമാക്കി. തീരുമാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് വ്യാപാരികളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു. കൗണ്‍സിലർമാരായ മുഹമ്മദ് അഫ്സൽ, പി.ജി. രാജശേഖരൻ, ബിന്ദു പത്മകുമാർ, ഷീജ ഷാഹുൽ ഹമീദ്, ടി.എസ്. രാജൻ, വിവിധ സംഘടനാ ഭാരവാഹികളായ സാലി എസ്. മുഹമ്മദ്, കെ.കെ. തോമസ്, സണ്ണി തെക്കേക്കര, എം.സി. മാത്യു എന്നിവർ പ്രസംഗിച്ചു.