തൊടുപുഴ: ഡിസിഎൽ തൊടുപുഴ മേഖല ഓർഗനൈസർ , കോട്ടയം പ്രവിശ്യ കോ-ഓർഡിനേറ്റർ, ഡി പോൾ പബ്ലിക് സ്കൂൾ അധ്യാപകൻ , മികച്ച സംഘാടകൻ എന്നി നിലകളിൽ സേവനം ചെയ്ത പി.ടി. തോമസ് പൈനാലിന്റെ വേർപാടിലൂടെ തൊടുപുഴയ്ക്കു നഷ്ടമായത് മൂല്യങ്ങളുടെ കാവലാളിനെ. നിറപുഞ്ചിരിയോടെ എല്ലാവരോടും ഹൃദ്യമായി സംസാരിക്കുന്ന പ്രകൃതമായിരുന്നു ഇദ്ദേഹത്തിന്േറത്. ഡിസിഎൽ പ്രവിശ്യ കോ-ഓർഡിനേറ്റർ എന്ന നിലയിൽ മൂലമറ്റം എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ, മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ, തൊടുപുഴ ജയ്റാണി ഇഎംഎച്ച്എസ്എസ്, ഡീ പോൾ പബ്ലിക് സ്കൂൾ തുടങ്ങിയ സ്കൂളുകളിൽ നടന്ന ഡിസിഎൽ സംസ്ഥാന ക്യാന്പിന് മികച്ച നേതൃത്വം നൽകാൻ ഇദ്ദേഹത്തിനായിട്ടുണ്ട്.
ഇതിനു പുറമെ തൊടുപുഴ, മൂലമറ്റം, കരിമണ്ണൂർ മേഖലകളിൽ ഡിസിഎൽ നേതൃത്വപരിശീലന ക്യാന്പ്, പ്രസംഗപരിശീലന കളരി എന്നിവയുടെ സംഘാടനത്തിനും ഡിസിഎൽ പ്രതിമാസ പ്രശ്നോത്തരി, ഐക്യു സ്കോളർഷിപ്പ് പരീക്ഷ എന്നിവയുടെ നടത്തിപ്പിലും സ്കൂളുകളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ പ്രചാരം വർധിപ്പിക്കുന്നതിനും തോമസ് സാറിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ഡി പോൾ പബ്ലിക് സ്കൂളിൽ 40 വർഷത്തോളം ഹിന്ദി അധ്യാപകനായിരുന്നു അദ്ദേഹം.
ഇദ്ദേഹത്തിന്റെ ശിഷ്യരിൽ ഡോക്ടർമാർ, എൻജിനിയർമാർ, ഐഎഎസുകാർ, അധ്യാപകർ, വൈദികർ, സിസ്റ്റേഴ്സ് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഉൾപ്പെടുന്നു. മുൻ ഇടുക്കി കളക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ. ജീവൻബാബു തോമസ് സാറിന്റെ ശിഷ്യനാണ്. ഭാര്യ പി.വി. അച്ചാമ്മ കവയിത്രി, നോവലിസ്റ്റ്, പുസ്തക രചയിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.