ചെറുതോണി: 1977നു മുന്പുള്ള കുടിയേറ്റ കർഷകർക്ക് പട്ടയം നൽകണമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ ആറു പതിറ്റാണ്ടായി വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, മേരിഗിരി, ദൈവംമേട്, പടമുഖം, കടക്കയം, കനകക്കുന്ന്, കൊന്നക്കാമാലി എന്നിവിടങ്ങളിലെ കുടിയേറ്റ കർഷകർക്ക് പട്ടയം ഇന്നും കിട്ടാക്കനിയാണ്. ലാൻഡ് രജിസ്റ്ററിൽ തെറ്റായി ഏലം കൃഷിയെന്ന് ചേർത്തതിന്റെ പേരിലാണ് ഇവിടെയുള്ളവർക്ക് പട്ടയം നിഷേധിക്കുന്നത്.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ കുടിയിരുത്തിയ കർഷകരോടാണ് കടുത്ത അനീതി ഇന്നും തുടരുന്നത്. പട്ടയം ലഭിക്കാത്തതുമൂലം ബാങ്ക് വായ്പയും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് കണ്ണീരും ദുരിതവുമായി രണ്ടായിരത്തോളം കർഷക കുടുംബങ്ങളാണ് അധികൃതരുടെ കനിവുകാത്തു കഴിയുന്നത്. പട്ടയത്തിനായി ഇവർ കയറിയിറങ്ങാത്ത വാതിലുകളില്ല. പക്ഷേ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇവർക്കുമുന്നിൽ വാതിൽ കൊട്ടിയടയ്ക്കപ്പെടുന്പോൾ ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന തുല്യനീതിയും പൗരാവകാശങ്ങളുമാണ് ചോദ്യംചെയ്യപ്പെടുന്നത്.
അന്നം വിളയിച്ചവരോട്
കാട്ടുനീതി
വാത്തിക്കുടി പഞ്ചായത്തിൽ ഉൾപ്പെടുന്ന തോപ്രാംകുടി ടൗണിന്റെ ഒരുഭാഗത്ത് പട്ടയം ഇപ്പോഴും ലഭിച്ചിട്ടില്ല. വാഴ, നെല്ല്, കപ്പ, കാപ്പി, കുരുമുളക് എന്നു രേഖപ്പെടുത്തിയ തൊട്ടടുത്തുള്ള ഭൂമിയിലെ കർഷകർക്ക് പട്ടയം ലഭിച്ചിട്ടും റവന്യു ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിച്ച കർഷകർക്ക് പട്ടയം നിഷേധിക്കുകയാണ്. 1955-60 കാലയളവിൽ സംസ്ഥാനത്തെ ഭൂപരിഷ്കരണ നിയമത്തിലും കൃഷിഭൂമി കർഷകന് എന്ന സർക്കാർ നയത്തിലും പ്രതീക്ഷയർപ്പിച്ച് പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി അന്നം വിളയിച്ച കർഷകരോടാണ് ഈ ക്രൂരത. പട്ടയം ലഭിക്കാത്ത കർഷകരുടെ കൂട്ടത്തിൽ അഞ്ചുസെന്റു മുതൽ രണ്ടേക്കർ വരെയുള്ളവരുണ്ട്.
1964-ലെ ഭൂപതിവ് ചട്ടപ്രകാരം 1970 മുതൽ 1980 വരെയുള്ള കാലയളവിൽ ഇവിടുത്തെ നല്ലൊരു വിഭാഗം കർഷകർക്കും പട്ടയം ലഭിച്ചിരുന്നു. അന്ന് പട്ടയ നടപടികൾക്ക് പണം മുടക്കാൻ കഴിവില്ലാതിരുന്ന കർഷകർക്കാണ് ഇപ്പോഴും പട്ടയം കിട്ടാക്കനിയായിരിക്കുന്നത്. ലാൻഡ് രജിസ്റ്റർ പ്രകാരം കൈവശ ഭൂമിയിൽ ഏലം കൃഷി എന്നു രേഖപ്പെടുത്തി കാണുന്നതിനാൽ 1977 ജനുവരി ഒന്നിനു മുൻപുള്ള വനഭൂമി കുടിയേറ്റ ക്രമീകരണം- പ്രത്യേക ചട്ടങ്ങൾ 1993 പ്രകാരം അപേക്ഷ നിരസിക്കുന്നു എന്നാണ് വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം നിഷേധിക്കാനുള്ള കാരണമായി അധികൃതർ പറയുന്നത്. എന്നാൽ കുടിയേറ്റ കാലയളവിലെ വസ്തുതകൾ ശരിയായി പഠിക്കാതെ രേഖകൾ തയാറാക്കിയതിലെ അപാകതയാണ് കർഷകർക്ക് ഇപ്പോൾ വിനയായി മാറിയിരിക്കുന്നത്.
1966 മുതലുള്ള സർവേ പ്രകാരം ഏലം കൃഷിയാണെന്നു രേഖപ്പെടുത്തിയ പ്രദേശങ്ങളിലെ മരങ്ങൾ മുഴുവനും 1970-75 വർഷങ്ങളിൽ സർക്കാർ നിർദേശപ്രകാരം കൂപ്പ് വെട്ടിനീക്കി പൂർണമായും തരിശാക്കിയാണ് ഭൂമി കർഷകർക്കു കൈമാറിയത്. ഈ ഭൂമിയിലാണ് ഏലം കൃഷിയെന്നു തെറ്റായി രേഖപ്പെടുത്തിയത്. മരങ്ങൾ വെട്ടിനീക്കിയതോടെ ഇവിടെ ആഞ്ഞിലി, പ്ലാവ്, കമുക്, ജാതി, കുരുമുളക് തുടങ്ങിയവ നടുകയായിരുന്നു. ഇതിനുപുറമെ സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്നും ഈ മേഖലയിലെ മുഴുവൻ സ്ഥലവും ഏലം കൃഷിക്കായി നീക്കിവച്ചിട്ടില്ലെന്നും റവന്യൂ വകുപ്പിന്റെ മുൻകാല രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യക്തമായ ഭൂരേഖകളുണ്ടായിട്ടും വാത്തിക്കുടിയിലെ ഒരു വിഭാഗം കർഷകർക്ക് പട്ടയം നിഷേധിക്കുന്നത് കാട്ടുനീതിയാണെന്നാണ് കർഷകർ പറയുന്നത്.
മാറിമാറി ഭരിച്ചവർ
കർഷകരെ മറന്നു
സിഎച്ച്ആറിൽപ്പെടാത്തതും കുത്തകപ്പാട്ടത്തിന്റെ നൂലാമാലകൾ ഇല്ലാത്തതുമായ സ്ഥലമാണ് വാത്തിക്കുടിയിലേത്. അതിനാൽ ഇവിടെ പട്ടയം ലഭിക്കാൻ തടസങ്ങളൊന്നുമില്ല. ലാൻഡ് രജിസ്റ്ററിലെ തെറ്റുതിരുത്തിയാൽ മാത്രം മതി. ആർഡിഒയുടെയോ ജില്ലാ കളക്ടറുടെയോ റിപ്പോർട്ട് പ്രകാരം ലാൻഡ് റവന്യൂ കമ്മീഷണർക്കോ അല്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയ്ക്കോ നയപരമായ തീരുമാനമെടുത്ത് തെറ്റുതിരുത്തി പട്ടയം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്നിരിക്കെ മാറിമാറി വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ ചെറുവിരൽപോലും അനക്കിയിട്ടില്ല.
ഒരേ ഭൂമിയിൽ ഒരേ കാലഘട്ടത്തിൽ ഒരുമിച്ച് കുടിയേറിയ കർഷകർക്ക് അവകാശപ്പെട്ട പട്ടയം നിഷേധിക്കുന്നത് തുല്യനീതി നിഷേധവും ഭരണഘടനാ ലംഘനവുമാണെന്ന് തോപ്രാംകുടിയിലെ പട്ടയ അവകാശ സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. പടമുഖം വാർഡിൽ പത്തുപേർക്ക് മാത്രമാണ് ഇനി പട്ടയം ലഭിക്കാനുള്ളത്. ചരളങ്ങാനം വാർഡിൽ ഇരുപതോളം പേർക്കും പട്ടയം ലഭിച്ചിട്ടില്ല. മറ്റു വാർഡുകളിലും സ്ഥിതിയും വിഭിന്നമല്ല. വാത്തിക്കുടി പഞ്ചായത്തിനെ 35, 36, 37 ബ്ലോക്കുകളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ 37-ാം നന്പർ ബ്ലോക്കിൽ ആയിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചുകഴിഞ്ഞു. ഈ ബ്ലോക്കിൽമാത്രം 20-ൽ താഴെ കുടുംബങ്ങൾക്കേ പട്ടയം ലഭിക്കാനുള്ളൂ.
പൂച്ചയ്ക്ക് ആരു മണികെട്ടും?
കൃഷിഭൂമി തരിശാക്കിയത് സർക്കാരായതിനാൽ പട്ടയം ലഭിക്കാനുള്ള തടസം നീക്കേണ്ടതും അധികൃതർ തന്നെയെന്ന നിലപാടിലാണ് കർഷകർ. 1970-75ൽ കർഷകർ കുടിയേറിയ ഭൂമിയിലുണ്ടായിരുന്ന മുഴുവൻ മരങ്ങളും മുറിച്ചുമാറ്റി കുറ്റിവരെ മാന്തിയെടുത്ത് കത്തിച്ചാണ് ഭൂമി കൃഷിക്കായി വിട്ടുനൽകിയത്. ഇത്തരത്തിൽ തരിശായിമാറിയ സ്ഥലം കൃഷിഭൂമിയാക്കിയും പ്രകൃതിയെ സംരക്ഷിച്ചും വരുന്ന കർഷകർക്കെതിരെ ചില പരിസ്ഥിതി സംഘടനകൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ പഠനങ്ങളോ സ്ഥലപരിശോധനയോ കൂടാതെ 1964 ചട്ടപ്രകാരം നൽകിവന്നിരുന്ന പട്ടയ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഹൈറേഞ്ചിലെ കർഷകരുടെ സമരങ്ങളുടെ ഫലമായി 1993 ചട്ടപ്രകാരം പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വാത്തിക്കുടിയിലെ കർഷകർ ഈ നടപടിയിലും പിന്തള്ളപ്പെടുകയായിരുന്നു.
ഇടുക്കി മുൻ കളക്ടർ എച്ച്. ദിനേശനും നിലവിലെ കളക്ടർ ഷീബ ജോർജും വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം നൽകണമെന്ന അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇനി തെറ്റുതിരുത്തി പട്ടയം നൽകാൻ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുമോ എന്നാണ് അറിയേണ്ടത്.
നടത്തിയത് സമരപരന്പര
വാത്തിക്കുടി പഞ്ചായത്തിലെ കർഷകരുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ലെന്നാണ് തോപ്രാംകുടി പട്ടയ അവകാശ സംരക്ഷണ സമിതി പറയുന്നത്. വാത്തിക്കുടി പഞ്ചായത്തിൽ പട്ടയം ലഭിക്കാനുള്ളവരുടെ വിവരശേഖരണം നടത്തുകയും ഇവർക്ക് പട്ടയം നൽകാൻ വേണ്ട അടിയന്തര നടപടിയുണ്ടാകണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു.
ഉപ്പുതോട്, കൊന്നത്തടി, വാത്തിക്കുടി, കാമാക്ഷി വില്ലേജ് ഓഫീസർമാർ, ഇടുക്കി, ഉടുന്പഞ്ചോല തഹസിൽദാർമാർ, മുരിക്കാശേരി ഭൂപതിവ് സ്പെഷൽ തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാത്തിക്കുടിയിലെ ശേഷിക്കുന്ന കർഷകർക്കും പട്ടയം അനുവദിക്കാവുന്നതാണെന്ന് മുൻ കളക്ടർ എച്ച്. ദിനേശൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലാൻഡ് രജിസ്റ്ററിൽ ഉദ്യോഗസ്ഥർ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയത് കർഷകരുടെ കുറ്റമല്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 1980 വരെ ഇത്തരം ഭൂമിക്ക് പട്ടയം നൽകിയിരുന്നു.
കളക്ടർ ഉൾപ്പെടെ വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം നൽകണമെന്ന് പറയുന്പോഴും മുടന്തൻ ന്യായങ്ങൾ നിരത്തി പട്ടയ നടപടികൾക്ക് സർക്കാർ വിലങ്ങുതടിയാവുന്നതായി സമിതി ആരോപിക്കുന്നു. തീരുമാനമാകാത്ത സാഹചര്യത്തിൽ അധികൃരുടെ വസതിക്കുമുന്പിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങുകയാണ് കർഷകർ.
ആനുകൂല്യങ്ങളും അന്യം
അരയേക്കർ കൃഷിഭൂമിക്കുപോലും പട്ടയമില്ലാത്തതിനാൽ കർഷകർക്ക് സർക്കാരും വിവിധ ഏജൻസികളും നൽകുന്ന യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വിള ഇൻഷ്വർ ചെയ്യാനോ നഷ്ടപരിഹാരം ലഭിക്കുന്നതിനോ ഇവർക്കാകുന്നില്ല. ജോലിക്കും പഠനത്തിനും വിദേശ രാജ്യങ്ങളിൽ പോകുന്നതിനോപോലും തങ്ങളുടെ മക്കൾക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്ന് ഇവർ പരിതപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി നൽകുന്ന 6000 രൂപയുടെ സാന്പത്തിക സഹായമോ കൃഷിഭവൻ വഴിയുള്ള ആനുകൂല്യമോ ലഭിക്കുന്നില്ല. മക്കളുടെ പഠനത്തിനും വിവാഹത്തിനും ആരുടെ മുന്നിലും കൈനീട്ടാതെ വായ്പയെടുക്കാനുള്ള അവകാശംപോലും തങ്ങൾക്കില്ലെന്ന് ഇവർ പറയുന്നു.