നാലുപേരെ എക്സൈസ് പിടികൂടി
1533652
Sunday, March 16, 2025 11:50 PM IST
വൈക്കം: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വ്യാപകമായതോടെ പരിശോധന ശക്തമാക്കി എക്സൈസ്.
വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ പരിശോധനയിൽ യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടു പേർ ഉൾപ്പെടെ നാല് യുവാക്കളെ പിടികൂടി.
വൈക്കം പടിഞ്ഞാറേക്കരയിൽ നടത്തിയ പരിശോധനയിൽ വൈക്കം, വല്ലകം, തലയോലപ്പറമ്പ് ഭാഗങ്ങളിൽ യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കുമടക്കം കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഉദയനാപുരം പടിഞ്ഞാറേക്കര മുട്ടത്തിൽ വീട്ടിൽ അർജുൻതമ്പി(20)യെ 100 ഗ്രാം കഞ്ചാവും കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 2500 രൂപയുമടക്കം പിടികൂടി. ഉദയനാപുരം പടിഞ്ഞാറേക്കര ചിറയിൽ എൻ.എസ്. സൂരജി (28)നെ 75 ഗ്രാം കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച ബൈക്കുമടക്കം പിടികൂടി.
നക്കംതുരുത്ത് ഭാഗത്ത് കോങ്കെരിയിൽ എം. അക്ഷയിനെ അഞ്ചു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും ഇരുമ്പുഴിക്കര ഭാഗത്ത് കുരിയപള്ളിയിൽ വീട്ടിൽ വി.ബി. ജിഷ്ണുവിനെ ആറു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ജെ. സുനിൽ, ആർ. സന്തോഷ്കുമാർ, കെ.പി. റെജി, പ്രിവന്റീവ് ഓഫീസർ ടി.കെ. രതീഷ്ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ജീമോൻ, അമൽ വി. വേണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. ആർ. രാജിമോൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
കഞ്ചാവുമായി എത്തിയ യുവാവിനെ
പള്ളിക്കത്തോട് പോലീസ് പിടികൂടി
പള്ളിക്കത്തോട്: കഞ്ചാവുമായി എത്തിയ യുവാവിനെ പള്ളിക്കത്തോട് പോലീസ് പിടികൂടി. മുക്കാലി സ്വദേശി ഷെബിൻ ദേവസ്യയെ (34) ആണ് പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
അരുവിക്കുഴി ഭാഗത്തെ ചെക്കിംഗിനിടയിലാണ് ഷെബിനെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ആറോടെ മുക്കാലി പള്ളിക്കത്തോട് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായിട്ടാണ് ഇയാൾ കഞ്ചാവുമായെത്തിയത്. കേസിൽ പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.